മതവികാരം വ്രണപ്പെടുത്തി; ഒരു അഡാര്‍ ലൗ നായിക പ്രിയ വാര്യര്‍ക്കെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡാര്‍ ലൗ നായിക പ്രിയ വാര്യര്‍ക്കെതിരെ കേസ്. ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയത്. ചിത്രത്തിലെ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലായത്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ പഴയ മാപ്പിളപ്പാട്ടിനെ പുതിയ രീതിയിലേക്ക് മാറ്റി കൈയ്യടി വാങ്ങി. ഒപ്പം ഗാനരംഗത്ത് അഭിനയിച്ച പുതുമുഖങ്ങളും. നായികമാരില്‍ ഒരാളായ പ്രിയ വാര്യര്‍ എന്ന പെണ്‍കുട്ടിയാണ് ഇതിനോടകം എല്ലാവരുടേയും പ്രിയങ്കരിയായി മാറിയത്. എന്നാല്‍ ചെറുപ്പക്കാരുടെ പരാതിയില്‍ പ്രിയക്കെതിരേയും ഗാന രചയിതാവിനെതിരേയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഗാനത്തിന്റെ അര്‍ത്ഥം ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് ശേഷമാണ് പരാതി നല്‍കിയതെന്ന് ഇവര്‍ പറയുന്നു. ഗാനത്തില്‍ പ്രവാചകനേയും മതത്തേയും അവഹേളിക്കുന്ന തരത്തിലാണ് ചിത്രീകരണം നടത്തിയിട്ടുളളതെന്നും ഇവര്‍ പരാതി നല്‍കിയതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം കേരളത്തിലും ചിത്രത്തിലെ പാട്ടിനെതിരെ വിദ്വേഷ പ്രചരണം നടന്നിരുന്നു. പ്രവാചകനെ കുറിച്ച് പരാമര്‍ശിക്കുന്ന ഗാനത്തിന് അവഹേളിക്കുന്ന തരത്തിലാണ് പശ്ചാത്തലം നല്‍കിയതെന്നാണ് ഇവരുടെ ആരോപണം.
ഹാപ്പി വെഡ്ഡിംഗ്‌സ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡാര്‍ ലവ്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഔസേപ്പച്ചന്‍ മൂവി ഹൌസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുളി അഡാര്‍ ലവിന്റെ നിര്‍മ്മാണം. നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7