ഭോപ്പാല്‍: ഹിന്ദു ഭക്തിഗാനമായ ‘ഹനുമാന് ചാലിസ’ ആലപിച്ചാല്‍ പ്രകൃതി ദുരന്തങ്ങളെ തടയാമെന്ന ഉപദേശവുമായി ബിജെപി നേതാവ്. മധ്യപ്രദേശില്‍നിന്നുള്ള ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ രമേശ് സക്സേനയാണ് വിവാദ പ്രസ്താവന നടത്തിയിട്ടുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓരോ ഗ്രാമവും ദിവസേന ഒരു മണിക്കൂര്‍ ‘ഹനുമാന് ചാലിസ’ ആലപിച്ചാല്‍ പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കു ഞാന്‍ ഉറപ്പുനല്‍കുന്നു. അടുത്ത അഞ്ചു ദിവസത്തേക്ക് ഒരു മണിക്കൂര്‍ നേരം ‘ഹനുമാന് ചാലിസ’ ആലപിക്കാന്‍ യുവാക്കളോടു ഞാന്‍ ആവശ്യപ്പെടുന്നു- മഹേഷ് സക്സേന പറയുന്നു. ഹിന്ദു ഭക്തിഗാനമായതിനാല് ഇത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും രമേശ് പറയുന്നു.
അതേസമയം രമേശ് സ്കസേനയ്ക്ക് ശേഷം സംസാരിച്ച സംസ്ഥാന കൃഷി മന്ത്രി ബാലകൃഷ്ണ പാട്ടിദാര്‍ പ്രസ്താവനയെ പിന്തുണച്ചു. ആര്‍ക്കെങ്കിലും ഹനുമാന് ചാലിസ ആലപിക്കണമെങ്കില്‍ അതില്‍ യാതൊരു തെറ്റുമില്ല. എല്ലാം മതവിശ്വാസത്തിന്റെ ഭാഗമാണെന്നായിരുന്നു പാട്ടിദാര്‍ പറഞ്ഞത്.
ഉത്തരേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അടുത്ത അഞ്ചു ദിവസത്തേക്കു പ്രതികൂല കാലാവസ്ഥയായിരിക്കുമെന്നും കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നുമുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പരാമര്‍ശിച്ചായിരുന്നു ബിജെപി നേതാവിന്റെ ഉപദേശം.