ശ്രീനഗര്‍: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആദ്യ ഘട്ടത്തില്‍ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പിടിയില്‍. കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ പരാതി ഉയര്‍ന്നത്. തുടര്‍ന്ന് കേസന്വേഷിക്കാന്‍ ദീപക് ഖുജാരിയ എന്ന സ്പെഷ്യല്‍ പൊലീസ് ഓഫീസറെ നിയമിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഖുജാരിയയെ അറസ്റ്റു ചെയ്തത്. ജനുവരി 10ന് റസാന ഗ്രാമത്തില്‍ കുതിരകളുമായി പോകവെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ജനുവരി 17നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഖുജാരിയയും പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു കുട്ടിയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി ബലാത്സംഗം ചെയ്ത് മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തതെന്ന് അന്വേഷണ സംഘം പറയുന്നു. ഒരാഴ്ചയോളം ഇവര്‍ പെണ്‍കുട്ടിയെ തടവില്‍ വെച്ചെന്നും അന്വേഷണ സംഘം പറയുന്നു.
‘ദീപക് ഖുജാരിയയുടെ പങ്ക് സംബന്ധിച്ച് ഞങ്ങള്‍ക്ക് ശക്തമായ തെളിവുണ്ട്.’ ക്രൈംബ്രാഞ്ചിലെ അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ ഓഫ് പൊലീസ് അലോക് പുരി പറയുന്നു.
തെളിവുകള്‍ നിരത്തിയപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. നാടോടി സമുദായത്തിനിടയില്‍ ഭീതി വിതയ്ക്കുകയെന്നതായിരുന്നു കൊലപാതകത്തിന്റ ലക്ഷ്യമെന്നും അന്വേഷണ സംഘം പറയുന്നു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് നാടോടി കുടുംബം പരാതി നല്‍കിയതിനു പിന്നാലെ കുട്ടിയെ അന്വേഷിച്ച പൊലീസ് സംഘത്തില്‍ ഖുജാരിയയുമുണ്ടായിരുന്നു. പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് ജനുവരി 21ന് ഖുജാരിയ സമുദായം കുത്തിയിരിപ്പ് സമരം നടത്തിയ വേളയില്‍ അവരെ ബാറ്റണ്‍കൊണ്ട് ആദ്യം മര്‍ദ്ദിച്ചത് ഖുജാരിയയായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു.