രജനീകാന്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത്കുമാര്. ആത്മീയ രാഷ്ട്രീയമെന്ന് പറഞ്ഞ് രജനീകാന്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അദേഹം ആരോപിച്ചു. ബസ് നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് സമത്വ മക്കള്‍ കക്ഷിയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടത്തിയ സമരത്തിനിടെയാണ് ശരത്കുമാറിന്റെ ആരോപണം.താനും ആത്മീയ വാദിയാണ്. എന്നാല്‍ രാഷ്ട്രീയംപറയുമ്പോള്‍ അത് വിളിച്ചുപറഞ്ഞ് നടക്കാറില്ലെന്നും അദേഹം വ്യക്തമാക്കി.
പാര്‍ട്ടി ചിഹ്നമെന്ന രീതിയില്‍ രജനികാന്ത് കൈകൊണ്ട് കാട്ടുന്ന മുദ്ര ബാബ സിനിമയിലെ മുദ്രയല്ല. അതിന് ആത്മീയതയുമായി ബന്ധമില്ല. ആടിന്റെ തലയാണ് രജനികാന്ത് കാണിക്കുന്നത്. അത് രഹസ്യ സംഘത്തിന്റെ മുദ്രയാണ്. മുന്‍പ് ഒരു തിരഞ്ഞെടുപ്പു കാലത്ത് തമിഴ്നാടിനെ ദൈവത്തിനുപോലും രക്ഷിക്കാനാകില്ലെന്ന് പരസ്യമായി പറഞ്ഞ രജനി അതിനുശേഷം ഭയന്നോടി അമേരിക്കയില്‍ പോയി. പിന്നീട് ഭരണമാറ്റത്തിന് ശേഷമാണ് തിരിച്ചുവന്നതെന്നും ശരത്കുമാര് ചൂണ്ടിക്കാട്ടി.