കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ അമല പോള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. നികുതി വെട്ടിക്കാനുദ്ദേശിച്ച് ഒന്നും ചെയ്തിട്ടില്ലെന്ന് അമല പറഞ്ഞു. പുതുച്ചേരിയില്‍ തനിക്ക് വാടക വീടുണ്ടെന്നും ആ വിലാസത്തിലാണ് കാര്‍രജിസ്റ്റര്‍ ചെയ്തതെന്നും അമല ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ഓഫീസിലെത്തിയാണ് അമല പോള്‍ മൊഴി നല്‍കിയത്.
കഴിഞ്ഞ ദിവസം ജാമ്യഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി അമലാ പോളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചത്. രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ അമലയെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല സമര്‍പ്പിച്ച ഹര്‍ജി പത്തുദിവസം കഴിഞ്ഞ് പരിഗണിക്കാനായി കോടതി മാറ്റിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 21നാണ് അമല മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖകള്‍ ഉണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. രജിസ്ട്രേഷനായി നല്‍കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിച്ചതാണെന്നായിരുന്നു കണ്ടെത്തിയത്. വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതിയിനത്തില്‍ അടയ്ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ പുതുച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കാന്‍ അവിടെ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇവിടെ ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് നടി നികുതി അടച്ചത്.