ഗുവാഹത്തി: സ്വകാര്യ ബാറിലെ ജീവനക്കാർ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദിച്ചെന്ന പരാതിയിൽ ഗുവാഹത്തിയിൽ ബാർ മാനേജരും മൂന്നു വനിതാ ബൗൺസർമാരും ഉൾപ്പെടെ 7 പേർ അറസ്റ്റിൽ. സംഭവത്തിന്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
വ്യാഴാഴ്ച രാത്രി ഗുവാഹത്തിയിലെ ഖാനാപാറ മേഖലയിലെ കെട്ടിടത്തിന്റെ നാലാം നിലയിൽ പ്രവർത്തിച്ചിരുന്ന ക്ലബ്ബിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. യുവതിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ക്ലബ് അടച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്താണ് അന്വേഷണം ആരംഭിച്ചത്.
ബാർ മാനേജർ ജസ്റ്റിൻ ഡി. അരെങ്, ഇവന്റ് മാനേജർ നെകിബുർ സമാൻ സർക്കാർ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ഝുംപ സിന്ഹ എന്നിവരെയും ഉഷാ ദേവി, മഞ്ജു ദാസ്, ഗൗരവ് മഹന്ത, ഡിനോ സോന എന്നിവരെയുമാണ് പേലീസ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ആകെ 10 പേർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ഡിസ്പൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ഭാസ്കർ മല്ല പതോവാരി മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിലെ തറയിൽ യുവതി കിടക്കുന്നതും രണ്ട് സ്ത്രീകൾ അവരെ മർദിക്കുന്നതും കാണാം. നിരവധി പേർ സമീപത്തുണ്ടെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോകളുടെ ആധികാരികത പരിശോധിക്കുന്നതിനൊപ്പം സംഭവങ്ങളുടെ കൃത്യമായ ക്രമം പുനഃസൃഷ്ടിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്.
ക്ലബ്ബിനുള്ളിലുണ്ടായ തർക്കമാണ് സംഭവങ്ങൾക്ക് തുടക്കമിട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിവരം. തുടർന്ന് യുവതിയെ ക്ലബ് പരിസരത്തുനിന്ന് കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് കൊണ്ടുപോയെന്നും അവിടെവച്ചും മർദനം തുടർന്നുവെന്നുമാണ് ആരോപണം.
ക്ലബ്ബിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവസമയത്ത് ക്ലബ്ബിലുണ്ടായിരുന്ന ജീവനക്കാരെയും മറ്റുള്ളവരെയും ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റിലായ ഓരോരുത്തരുടെയും സംഭവത്തിലെ പങ്ക് പ്രത്യേകം പരിശോധിക്കുന്നുണ്ടെന്നും പലീസ് വ്യക്തമാക്കി.
സംഭവത്തിൽ ബന്ധപ്പെട്ട നിയമത്തിലെ 726, 26 വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും തുടർ നിയമനടപടികൾക്കായി അവരെ കൈമാറിയതായും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതായി റിപ്പോർട്ടുള്ള യുവതിയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അന്വേഷണം തുടരുന്നതിനാൽ യുവതിയുടെ പേര് പുറത്തുവിടേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. സംഭവത്തിന് പിന്നാലെ ക്ലബ് പരിസരത്ത് നിരവധി മദ്യക്കുപ്പികൾ ചിതറിക്കിടന്ന നിലയിലും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംഭവസമയത്ത് ക്ലബ്ബിലുണ്ടായിരുന്നവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
അതേസമയം, സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവരാതിരിക്കാനോ മറച്ചുവയ്ക്കാനോ ക്ലബ് അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമം നടന്നെന്ന ആരോപണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സംഭവത്തിന്റെ പൂർണമായ വസ്തുതകൾ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്.




