ജനീവ: ലോകത്ത് 2025ൽ 47,000ത്തിലേറെ സ്ത്രീകളും പെൺകുട്ടികളും സ്വന്തം കുടുംബാംഗങ്ങളുടെയോ അടുത്ത ബന്ധുക്കളുടെയോ കൈകളാൽ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. മണിക്കൂറിൽ ശരാശരി അഞ്ച് സ്ത്രീകൾ വീതമാണ് ഇത്തരത്തിൽ കൊല്ലപ്പെടുന്നത്. മുൻവർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സംഖ്യയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
യുഎൻ വിമൻ, ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്-കുറ്റകൃത്യ കാര്യാലയം (UNODC) എന്നിവയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഏതാനും വർഷങ്ങളായി കാമുകനാലോ, പങ്കാളികളാലോ കുടുംബാംഗങ്ങളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം 45,000നും 51,000നും ഇടയിലാണ്.
കഴിഞ്ഞ വർഷം ലോകത്താകെ 78,000 സ്ത്രീകളും പെൺകുട്ടികളും ആസൂത്രിത കൊലപാതകങ്ങൾക്ക് ഇരയായി. ഇതിൽ ഏകദേശം 60 ശതമാനം പേരും സ്വന്തം പങ്കാളികളാലോ കുടുംബാംഗങ്ങളാലോ കൊല്ലപ്പെട്ടവരാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിന് മുന്നോടിയായാണ് യുഎൻ റിപ്പോർട്ട് പുറത്തുവിട്ടത്.
47,000 എന്ന കണക്ക് പ്രകാരം പ്രതിദിനം ശരാശരി 129 സ്ത്രീകളും പെൺകുട്ടികളും ഇത്തരത്തിൽ കൊല്ലപ്പെടുന്നു. 122 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്താണ് ഈ കണക്ക് തയ്യാറാക്കിയത്. 2025ൽ ലോകത്താകെ നടന്ന കൊലപാതകങ്ങളുടെ ഇരകളിൽ 19 ശതമാനം സ്ത്രീകളായിരുന്നു. എന്നാൽ കൊല്ലപ്പെട്ട സ്ത്രീകളിൽ 60 ശതമാനവും വീടിനുള്ളിലോ കുടുംബബന്ധങ്ങൾക്കുള്ളിലോ ആണ് ആക്രമണത്തിനിരയായത്. പുരുഷന്മാരുടെ കാര്യത്തിൽ ഇത് 11 ശതമാനം മാത്രമാണ്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ഭീഷണി നേരിടേണ്ടിവരുന്നത് പലപ്പോഴും സ്വന്തം വീടുകളിലും അടുത്ത ബന്ധങ്ങളിലും നിന്നാണെന്ന യാഥാർഥ്യമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കുടുംബാതിക്രമങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ ദാമ്പത്യ-പ്രണയ ബന്ധങ്ങൾക്കൊപ്പം വിപുലമായ കുടുംബബന്ധങ്ങളെയും പരിഗണിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം യുഎൻ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഒരു പ്രദേശവും സ്ത്രീകൾക്കും പെൺകുട്ടികൾക്കും പൂർണമായും സുരക്ഷിതമല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പങ്കാളികളാലോ കുടുംബാംഗങ്ങളാലോ കൊല്ലപ്പെട്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണത്തിൽ ആഫ്രിക്കയാണ് വീണ്ടും ഒന്നാമത്. ഇവിടെ 22,100 പേരാണ് കൊല്ലപ്പെട്ടത്.
ഏഷ്യയിൽ 15,100 പേരും അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ 7,400 പേരും യൂറോപ്പിൽ 2,100 പേരും ഓഷ്യാനിയയിൽ 300 പേരും ഇത്തരത്തിൽ കൊല്ലപ്പെട്ടു. ലോകത്താകെ കൊലപാതകങ്ങളുടെ നിരക്ക് കുറഞ്ഞുവരുന്നുണ്ടെങ്കിലും സ്ത്രീകളെ അവരുടെ ലിംഗപരമായ സ്വത്വത്തിന്റെ പേരിൽ ലക്ഷ്യമിട്ട് നടത്തുന്ന കൊലപാതകങ്ങളുടെ (ഫെമിസൈഡ്) നിരക്ക് അതേ വേഗത്തിൽ കുറയുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് അമേരിക്കൻ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ഈ കുറവ് വളരെ മന്ദഗതിയിലാണ്.
സ്ത്രീകൾക്കെതിരായ ഇത്തരം കൊലപാതകങ്ങൾ സാമൂഹിക ആചാരങ്ങളിലും ലിംഗപരമായ മുൻവിധികളിലും ആഴത്തിൽ വേരൂന്നിയതാണെന്നാണ് യുഎന്നിന്റെ വിലയിരുത്തൽ. നീതിന്യായ സംവിധാനങ്ങളിലേക്ക് എത്തിച്ചേരുന്നതിൽ സ്ത്രീകൾ നേരിടുന്ന തടസങ്ങളും ഇതിന് കാരണമാകുന്നുണ്ട്.
സ്ത്രീകളെയും പെൺകുട്ടികളെയും ലിംഗപരമായ കാരണങ്ങളാൽ കൊലപ്പെടുത്തുന്നതിനെയാണ് ഫെമിസൈഡ് എന്ന് വിശേഷിപ്പിക്കുന്നത്. പങ്കാളികളോ കുടുംബാംഗങ്ങളോ നടത്തുന്ന കൊലപാതകങ്ങൾ മാത്രമല്ല ഇതിൽ ഉൾപ്പെടുന്നത്. സംഘടിത കുറ്റകൃത്യങ്ങൾ, നിർബന്ധിത തൊഴിൽ, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് നടക്കുന്ന ചില കൊലപാതകങ്ങളും ഈ വിഭാഗത്തിൽപ്പെടും.
എന്നാൽ കുടുംബത്തിനും സ്വകാര്യ ബന്ധങ്ങൾക്കും പുറത്തുനടക്കുന്ന ഇത്തരം കൊലപാതകങ്ങളെക്കുറിച്ചുള്ള കണക്കുകൾ വളരെ പരിമിതമാണ്. അതിനാൽ ആഗോളതലത്തിലോ പ്രാദേശികതലത്തിലോ ഇത്തരം കൊലപാതകങ്ങളുടെ യഥാർഥ വ്യാപ്തി കൃത്യമായി നിർണയിക്കാൻ കഴിയുന്നില്ലെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.