കോഴിക്കോട്: യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കോഴിക്കോട് ചെറുവണ്ണൂർ കുണ്ടായിത്തോട് സ്വദേശി അറസ്റ്റിൽ. ദാറുഫല കോയമൻസിലിൽ മുഹമ്മദ് അഫ്ലഹ് (23) ആണ് മാറാട് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
14-ാം തീയതി രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അരക്കിണർ സ്വദേശിനിയായ യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തിയ അഫ്ലഹ്, അരക്കിണർ മുണ്ടകൻപാടം പൊതുറോഡിൽ വെച്ച് സ്കൂട്ടർ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി.
യുവതിയുടെ പരാതിയിൽ മാറാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ ചെറുവണ്ണൂരിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിക്കെതിരെ മുൻപും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. രാമനാട്ടുകര മേൽപ്പാല നിർമാണത്തിനായി ബൈപ്പാസിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികളും മറ്റും മോഷ്ടിച്ച കേസ്, നടക്കാവ് ഡേ മാർട്ട് സൂപ്പർമാർക്കറ്റിന്റെ പൂട്ട് പൊളിച്ച് പണം കവർന്ന കേസ്, സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ കേസുകൾ എന്നിവയാണ് ഇയാൾക്കെതിരെയുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.