ന്യൂഡൽഹി: ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പോർട്ടൽ ഹാക്ക് ചെയ്തെന്ന സംശയത്തിൽ പതിനാലുകാരൻ പിടിയിൽ. എഐയുടെ സഹായത്തോടെ അഗ്നിവീറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷിച്ചിരുന്ന വെബ്സൈറ്റിൽ കടന്നുകയറിയെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ചില ഫയലുകൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചതായും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. എന്നാൽ, വിൽപ്പന നടക്കുന്നതിനു മുൻപുതന്നെ അന്വേഷണ ഏജൻസികൾ കുട്ടിയെ പിടികൂടിയെന്നാണ് വിവരം. കണ്ടെത്തിയ വിവരങ്ങൾ അഗ്നിവീർ സൈനിക റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
ഫയലുകളുടെ കൃത്യമായ സ്വഭാവം എന്താണെന്നും റിക്രൂട്ട്മെന്റ് പോർട്ടൽ ഹാക്ക് ചെയ്താണോ വിവരങ്ങൾ ശേഖരിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. എളുപ്പത്തിൽ പണം സമ്പാദിക്കുകയായിരുന്നു കുട്ടിയുടെ ലക്ഷ്യമെന്നാണ് ചോദ്യംചെയ്യലിൽ ലഭിക്കുന്ന സൂചന.
ഡാർക്ക് വെബിൽ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ നടത്തിയ അന്വേഷണത്തിനിടെയാണ് വിവരച്ചോർച്ച കണ്ടെത്തിയത്. സൈന്യത്തിൽനിന്ന് വിരമിച്ചവർക്ക് മറ്റ് തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന കരിയർ വിവരങ്ങൾ സൂക്ഷിക്കുന്ന പോർട്ടലാണിത്. വെബ്സൈറ്റിൽനിന്ന് 2,500-ലധികം അഗ്നിവീറുകളുടെ വിവരങ്ങൾ ചോർന്ന് വിൽപ്പനയ്ക്ക് വെച്ചിരുന്നെന്നാണ് സൂചന. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പതിനാലുകാരനെ പോലീസ് ചോദ്യംചെയ്തുവരികയാണ്. പോർട്ടലിലേക്ക് എങ്ങനെയാണ് പ്രവേശിച്ചതെന്നും ഹാക്കിങ്ങിന് ഏതെല്ലാം സാങ്കേതിക വിദ്യകൾ ഉപയോഗിച്ചെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.