തിരുവനന്തപുരം: നേതാക്കൾ തമ്മിലുള്ള അസാധാരണ ഏറ്റുമുട്ടലിന് സാക്ഷിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. കണ്ണൂരിൽനിന്നുള്ള മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനുമാണ് പാർട്ടി യോഗത്തിൽ പരസ്പരം ആരോപണങ്ങളുന്നയിച്ചത്. കണ്ണൂരിലെ വൈദേകം റിസോർട്ടിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അതിൽ ഇ.പി. ജയരാജനുള്ള പങ്കാളിത്തത്തെക്കുറിച്ചും പി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങളാണ് തർക്കത്തിലേക്ക് നയിച്ചത്.
അധികാരസ്ഥാനം ഉറപ്പിക്കാനും താനാണ് ശരിയെന്ന് വരുത്തിത്തീർക്കാനും പി. ജയരാജൻ മാധ്യമങ്ങളെയും ക്വട്ടേഷൻ സംഘങ്ങളെയും ഉപയോഗിച്ച് കുറേക്കാലമായി നീക്കം നടത്തുന്നുണ്ടെന്നും ഇക്കാര്യം പാർട്ടി അന്വേഷിക്കണമെന്നും ഇ.പി. ജയരാജൻ തിരിച്ചടിച്ചു. ഇതുസംബന്ധിച്ച് എഴുതിത്തയ്യാറാക്കിയ പരാതി അദ്ദേഹം പാർട്ടിക്ക് കൈമാറി. ഒരുമണിക്കൂറോളം നീണ്ട ആരോപണ-പ്രത്യാരോപണങ്ങൾക്കൊടുവിൽ ഇരുവരുടെയും പരാതികൾ പരിശോധിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്ണനുമാണ് കമ്മിഷൻ അംഗങ്ങൾ.
വൈദേകം റിസോർട്ടിൽ സി.എം.ആർ.എൽ. കമ്പനി ഉടമ ശശിധരൻ കർത്ത പണം നിക്ഷേപിച്ചിട്ടുണ്ടെന്ന ആരോപണമാണ് ഇ.പി. ജയരാജനെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നിൽ പി. ജയരാജനാണെന്നാണ് ഇ.പി.യുടെ ആരോപണം. 2015-ൽ റിസോർട്ട് ആരംഭിച്ചതു മുതൽ തനിക്കെതിരെ ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ മരുമകനെ സ്വാധീനിച്ച് കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കാനാണ് ശ്രമമെന്നും ഇ.പി. ആരോപിച്ചു.
ശശിധരൻ കർത്തയുടെ പണം ഭാര്യവഴി വൈദേകത്തിലെത്തിയെന്ന് മരുമകനെക്കൊണ്ട് പറയിപ്പിച്ചത് പി. ജയരാജനാണെന്നും വൈദേകത്തിലെ മുൻ എം.ഡിയെക്കണ്ട് തന്റെ പേരിൽ പരാതി നൽകാൻ ആവശ്യപ്പെട്ടെന്നും ഇ.പി. ആരോപിച്ചു. സ്വന്തം താത്പര്യങ്ങൾക്കായി ആരെയും ഇല്ലാതാക്കാൻ മടിയില്ലാത്തയാളാണ് പി. ജയരാജനെന്നും ഏത് വൃത്തികെട്ട കളിയും കളിക്കുമെന്നും ഇ.പി. കുറ്റപ്പെടുത്തിയതായാണ് വിവരം.
പാർട്ടിക്ക് മുന്നിലാണ് പരാതി ഉന്നയിച്ചതെന്നും അതിൽ പരിശോധനയാണ് വേണ്ടതെന്നും പി. ജയരാജൻ പ്രതികരിച്ചു. ബോധ്യമുള്ള കാര്യങ്ങളാണ് പാർട്ടിയെ അറിയിച്ചത്. ഇക്കാര്യത്തിൽ അന്വേഷണം വേണം. പലതവണ വിഷയം ഉന്നയിച്ചിട്ടും പരിശോധനയുണ്ടായിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഇതിനുപിന്നാലെയാണ് പി. ജയരാജന് ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഇടുക്കിയിൽ സ്വർണക്കടത്തുകാരനെ പങ്കാളിയാക്കി റിസോർട്ട് ആരംഭിച്ചിട്ടുണ്ടെന്നും ആരോപിക്കുന്ന കത്ത് ഇ.പി. ജയരാജൻ പാർട്ടിക്ക് കൈമാറിയത്. ഇതോടെ ഇരുനേതാക്കളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമായി.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, തർക്കത്തിൽ ആരും ഇടപെട്ട് സംസാരിച്ചില്ലെന്നാണ് വിവരം. ഇരുവരും രേഖാമൂലം പരാതികൾ നൽകിയ സാഹചര്യത്തിൽ വിശദമായ പരിശോധന നടത്താമെന്നാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം.