മുംബൈ: വിവാഹ വസ്ത്രങ്ങളണിഞ്ഞ് ദമ്പതികളെ ഇരുപത്തിയാറാം വിവാഹവാർഷിക ദിനത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രമുഖ ഹോട്ടലുകളിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറിൽ ഡാംസൺ (57), ഭാര്യ ആനി (46) എന്നിവരാണു മരിച്ചത്. നാഗ്പുരിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിരുന്ന് നടത്തിയ ഇരുവരുടെയും മരണവാർത്തയാണു പുലർച്ചെ കുടുംബാംഗങ്ങളെ തേടിയെത്തിയത്.
ആത്മഹത്യക്കുറിപ്പും വിൽപത്രവും കണ്ടെത്തിയെങ്കിലും എന്തിനാണു ജീവനൊടുക്കിയതെന്നു വ്യക്തമല്ല. മക്കളില്ലാത്തതിന്റെ ദുഃഖം അലട്ടിയിരുന്നതായി ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു. ആദ്യം ആനിയാണ്
മരിച്ചതെന്നാണു പൊലീസ് നിഗമനം. ഇവരുടെ മൃതദേഹം കട്ടിലിൽ കിടത്തി, വെള്ള പൂക്കൾ കൊണ്ട് കിടക്ക അലങ്കരിച്ച് വെള്ളത്തുണി പുതപ്പിച്ച നിലയിലായിരുന്നു. ഭാര്യയുടെ മൃതദേഹം അലങ്കരിച്ച ശേഷം ജെറിൽ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
സമൂഹമാധ്യമത്തിൽ ആത്മഹത്യക്കുറിപ്പും വിൽപത്രവും പങ്കിട്ടിട്ടുണ്ട്. മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നാണു കുറിപ്പിലുള്ളത്. ഇരുവരുടെയും ആഗ്രഹം പോലെ ഒരേ ശവപ്പെട്ടിയിലാണ് അടക്കം ചെയ്തത്. കോവിഡിനു മുൻപു ഹോട്ടലുകളിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറിൽ പിന്നീട് ജോലി ഉപേക്ഷിച്ചിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും സൂചനയുണ്ട്.
ചൊവ്വാഴ്ച പുലർച്ചെ 5.45ന് സമൂഹമാധ്യമത്തിൽ ആത്മഹത്യക്കുറിപ്പ് സ്റ്റേറ്റസ് ഇട്ടിരിക്കുന്നതു കണ്ട് അയൽവാസി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നും കേസിൽ ദുരൂഹത ഇല്ലെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.