കൽപറ്റ: ബോബി ചെമ്മണൂരിനെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം ലോക്കൽ പൊലീസ് പോലും അറിഞ്ഞത് അവസാന നിമിഷം. എറണാകുളം സെൻട്രൽ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്ക്വാഡും ചേർന്നാണ് ഇന്നു രാവിലെ ഒൻപതു മണിയോടെ ബോബിയെ കസ്റ്റഡിയിൽ എടുത്തത്. വയനാട് മേപ്പാടിയിൽ ‘1000 ഏക്കർ’ എന്ന പേരിൽ ബോബിക്ക് തേയില എസ്റ്റേറ്റും റിസോർട്ടുമുണ്ട്. ഈ റിസോർട്ടിൽവച്ചാണു രാവിലെ പൊലീസ് പിടികൂടിയത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം ബോബിക്കെതിരെ കേസെടുത്തതിനു പിന്നാലെയാണു പൊലീസിൻ്റെ മിന്നൽ നീക്കം. ഒളിവിൽ പോകുന്നതിനും മുൻകൂർ ജാമ്യത്തിനുമുള്ള നീക്കമാണ് പൊലീസ് പൊളിച്ചത്. രണ്ട് ദിവസമായി ബോബി വയനാട്ടിൽ ഉണ്ടായിരുന്നെന്നാണ് വിവരം. റിസോർട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ മേപ്പാടിക്ക് അടുത്തുള്ള പുത്തൂർവയലിലെ എആർ ക്യാംപിലേക്ക് സ്വകാര്യ വാഹനത്തിലാണു കൊണ്ടുപോയത്. ഒന്നര മണിക്കൂറോളം എആർ ക്യാംപിൽ ചെലവഴിച്ചശേഷം 12 മണിയോടെ പൊലീസ് വാഹനത്തിൽ എറണാകുളത്തേക്ക് കൊണ്ടുപോയി.
ഇന്ന് പുലർച്ചെയാണ് എറണാകുളം പൊലീസ് വയനാട്ടിൽ എത്തിയത്. രാവിലെ ഏഴരയോടെ റിസോർട്ടിൽ എത്തിയ സംഘം ഒൻപതു മണിക്ക് ബോബിയെ കസ്റ്റഡിയിൽ എടുത്തു. എആർ ക്യാംപിലേക്കു കൊണ്ടുവരുന്നതിനിടെയാണു വിവരം പുറത്തറിഞ്ഞത്. മാധ്യമപ്രവർത്തകർ എത്തിയപ്പോഴേക്കും ബോബിയെ എആർ ക്യാംപിൽ എത്തിച്ചിരുന്നു.
മാധ്യമപ്രവർത്തകർക്കു ബോബിയുടെ ദൃശ്യങ്ങൾ പകർത്താനുള്ള എല്ലാ സാധ്യതകളും പൊലീസ് അടച്ചു. കൊച്ചിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകർക്കു നേരെ ബോബി കൈ ഉയർത്തിക്കാണിച്ചു. വയനാട്ടിൽനിന്ന് റോഡു മാർഗം കൊച്ചിയിലെത്താൻ ആറ് മണിക്കൂറെങ്കിലും എടുക്കും.വൈകിട്ട് ആറുമണിയോടെ ബോബിയെ കൊച്ചിയിലെത്തിക്കുമെന്നാണു വിവരം. മേപ്പാടിയിലെ പൊലീസ് ഉദ്യോഗസ്ഥരും എറണാകുളം പൊലീസിനൊപ്പമുണ്ട്.