ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് (92) അന്തരിച്ചു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹത്തെ എയിംസിലെ എമര്‍ജെന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 2004 മേയ് 22 മുതല്‍ മുതല്‍ 2014 മേയ് വരെയുള്ള തുടര്‍ച്ചയായ പത്ത് വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു സിംഗ്.
മികച്ച സാമ്പത്തിക വിദഗ്ദ്ധനായി അറിയപ്പെടുന്ന മന്‍മോഹന്‍ സിംഗ് നടപ്പിലാക്കിയ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അദ്ധ്യാപകനായിട്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രിയെന്നാണ് മന്‍മോഹന്‍ സിംഗിനെ വിശേഷിപ്പിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, നരസിംഹറാവു മന്ത്രിസഭയിലെ ധനമന്ത്രി തുടങ്ങിയ പദവികളും ഡോ. മന്‍മോഹന്‍ സിംഗ് വഹിച്ചിരുന്നു.
1932ല്‍ പടിഞ്ഞാറന്‍ പഞ്ചാബിലെ ഗാഹ് (ഇപ്പോള്‍ പാകിസ്ഥാനില്‍) എന്ന സ്ഥലത്താണ് മന്‍മോഹന്‍ സിംഗ് ജനിച്ചത്. വിഭജനത്തിന് ശേഷം മന്‍മോഹന്‍ സിംഗിന്റെ കുടുംബം ഇന്ത്യയിലേക്ക് വരികയായിരുന്നു. ലോകപ്രശസ്തമായ ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് സിംഗ്. 1972 മുതല്‍ 1976 വരെ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ധനകാര്യ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. 1982-85 കാലയളവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി പ്രവര്‍ത്തിച്ചു.
1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ 2024 വരെ അദ്ദേഹം രാജ്യസഭാ അംഗമായി തുടരുകയും ചെയ്തു.