ഹോട്ടലിനു മുന്നിൽ വാഴയിലയിൽ കോഴിത്തലയും പുട്ടു പൊടിയും, മന്ത്രവാദം കൊണ്ടുചെന്നെത്തിച്ചത് ഓട്ടൊ ഡ്രൈവറുടെ കൊലപാതകത്തിൽ; ആസൂത്രിത കൊലപാതകത്തിൽ വഴിത്തിരിവായി ഫോൺ വിളികൾ

കൽപറ്റ: വീതിയുള്ള റോഡിൽ‌ നേർദിശയിൽ പൊയ്ക്കൊണ്ടിരുന്ന ജീപ്പ് പെട്ടെന്ന് റോഡിന്റെ മറുവശത്തേക്കു വെട്ടിത്തിരിഞ്ഞ് അതിലേ പോയിരുന്ന ഓട്ടോയിലിടിക്കുക, കാരണം തേടിയ പോലീസിന്റെ അന്വേഷണം കൊണ്ടുചെന്നെത്തിച്ചത് ഓട്ടോഡ്രൈവർ കൊലപാതകത്തിൽ. അപകടത്തിന്റെ ദിശ മനസിലായതെ പോലീസ് ഉറപ്പിച്ചിരുന്നു അത് അപകടമല്ല ആസൂത്രിത കൊലപാതകമായിരുന്നുവെന്ന്. ഓട്ടോ ഡ്രൈവർ കാപ്പുംകുന്ന് അബ്ദുൽ നവാസ് മരിച്ച സംഭവത്തിൽ ജീപ്പ് ഓടിച്ചിരുന്ന സുമിൽഷാദ് കസ്റ്റഡിയിലായതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
പക്ഷെ വിശദീകരണം വിചിത്രമായിരുന്നു, വ്യക്തിവൈരാഗ്യവും മന്ത്രവാദവും!

സുമിൽഷാദിന്റെ ഹോട്ടലിനു മുൻവശത്ത് അബ്ദുൽ നവാസിന് പലചരക്കു കടയുണ്ടായിരുന്നു. സുമൽഷാദിന്റെ ഹോട്ടലിന് മുന്നിൽ മന്ത്രവാദം ചെയ്ത സംഭവമാണ് നവാസിനെ കൊലപ്പെടുത്താൻ കാരണമായത്. ഹോട്ടലിന് മുൻവശത്തുനിന്ന്, നവംബർ 30 ന് വാഴയിലയിൽ വച്ചനിലയിൽ കോഴിയുടെ തല, പട്ട്, ഭസ്മം, മഞ്ഞപ്പൊടി, വെറ്റില, പാക്ക് എന്നിവ ലഭിച്ചു.

ആരാണ് വെച്ചതെന്നറിയാൻ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നവാസാണ് കോഴിയുടെ തലയുൾപ്പെടെ കടയുടെ മുന്നിൽകൊണ്ടുവച്ചതെന്ന് കണ്ടെത്തി. തുടർന്നാണ് സുമിൽഷാദ് അനുജൻ അജിന്റെ സഹായത്തോടെ നവാസിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. നവാസിനെ കൊലപ്പെടുത്താൻ സുമിൽഷാദ് തിരക്കഥ തയാറാക്കി. അപകടത്തിൽ സുമിൽഷാദിനും പരുക്കേറ്റിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകം നടത്തിയത് ഇങ്ങനെ:

അപകടം നടന്ന റോഡിനു നല്ല വീതിയുണ്ടായിരുന്നു. വളവുകളില്ലാത്തതിനാൽ എതിരെ വരുന്ന വാഹനങ്ങളെ വ്യക്തമായി കാണാം. സുമിൽഷാദ് ഓടിച്ച ജീപ്പ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. എതിരെ ഒരു ഓട്ടോ വന്നപ്പോൾ ജീപ്പ് പെട്ടെന്നു വെട്ടിച്ച്
അതിലേക്ക് ഇടിക്കുകയായിരുന്നു. അതിന്റെ ആഘാതത്തിൽ ഓട്ടോ സമീപത്തെ മൺതിട്ടയിലേക്ക് ഇടിച്ചു കയറി. ഇത് പോലീസിനേയും നാട്ടുകാരെയും ഒരുപോലെ സംശയത്തിലാക്കി.

കൂടാതെ അപകടം നടക്കുന്നതിനു മുൻപ് സമീപത്തെ പള്ളിക്കു സമീപം ജീപ്പ് നിർത്തിയിട്ട് സുമിൽഷാദ് കാത്തു നിന്നതും മൊബൈൽ ഫോൺ റിങ് ചെയ്തപ്പോൾ പെട്ടെന്ന് വാഹനമെടുത്ത് പോയതും നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. അപകടത്തിനു ശേഷം സുമിൽഷാദ് വാഹനത്തിൽ നിന്നിറങ്ങി ഫോൺ ചെയ്തതും കണ്ടവരുണ്ട്. മാത്രമല്ല പരുക്കേറ്റ അബ്ദുൽ നവാസിനെ ആശുപത്രിയിൽ എത്തിക്കാനും സുമിൽഷാദ് ശ്രമിച്ചില്ല. ഓടിക്കൂടിയ നാട്ടുകാർ നവാസിനെ പിന്നാലെയെത്തിയ വാഹനത്തിലേക്ക് കയറ്റുമ്പോഴും സുമിൽഷാദ് ഇടപെട്ടില്ല.

ഇതോടെ, മരണത്തിനു കാരണമായ അപകടത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പൊലീസ് ആരോപണങ്ങൾ പരിശോധിച്ചു. ചുണ്ടേൽ ടൗണിൽ ഹോട്ടൽ നടത്തുന്ന സുമിൽഷാദ് എന്തിനാണ് അപകട സ്ഥലത്തേക്ക് എത്തി‌ എന്നതുൾപ്പെടെലുള്ള കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി. ഫോൺ രേഖകൾ അടക്കം പരിശോധിച്ച് തെളിവുകൾ കണ്ടെത്തി. ചോദ്യംചെയ്യലിനിടെ തെളിവുകൾ നിരത്തിയതോടെ സുമിൽഷാദ് കുറ്റം സമ്മതിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7