ആദ്യം വെടിവെച്ചുവീഴ്ത്തി; ആശുപത്രിയെലെത്തിച്ചപ്പോഴും പിന്നാലെതന്നെ, പിന്നെ ഒന്നുമറിയാത്ത പോലെ അരമണിക്കൂർ അണികൾക്കൊപ്പം ഹോസ്പിറ്റലിനു പുറത്ത്, ഏതു നിമിഷവും മരണപ്പെടുമെന്ന് ഉറപ്പിച്ച ശേഷം മടക്കം: വെളിപ്പെടുത്തലുമായി സിദ്ദിഖി കൊലക്കേസ് പ്രതി

മുംബൈ: ബാബ സിദ്ദിഖി കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്താനായി താൻ ചെയ്ത കാര്യങ്ങൾ ഒന്നൊന്നായി വെളിപ്പെടുത്തി പ്രധാനപ്രതിയായ ശിവ് കുമാർ ഗൗതം. അദ്ദേഹത്തെ വെടിവെച്ച ശേഷം ആശുപത്രിയിലേക്ക് പോകുന്നവഴി പിന്നാലെ തന്നെയുണ്ടായിരുന്നുവെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. തുടർന്ന് സിദ്ദിഖിയെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിൽ 30 മിനിറ്റോളം കാത്തുനിന്നു. ആരും തിരിച്ചറിയാതിരിക്കാൻ കൊലപാതക സമയത്ത് ഇട്ട ഡ്രസ് മാറി വന്നായിരുന്നു മരണം ഉറപ്പിക്കാനായി കാത്തുനിന്നതെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.

സംഭവത്തെ കുറിച്ച് പ്രധാന പ്രതിയായ ശിവ് കുമാർ ഗൗതത്തിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ: ബാബ സിദ്ദിഖിയെ വെടിവെച്ച ശേഷം രക്ഷപെട്ട തങ്ങൾ ധരിച്ചിരുന്ന വസ്ത്രം മാറ്റിയ ശേഷം സിദ്ദിഖിയെ പ്രവേശിപ്പിച്ച ലീലാവതി ആശുപത്രിയിലെത്തി. വസ്ത്രം മാറിയത് ആരും തിരിച്ചറിയാതിരുക്കാനായിരുന്നു. തുടർന്ന് ആശുപത്രിക്കുമുന്നിൽ ആളുകൾക്കൊപ്പം മുപ്പത് മിനിറ്റോളം കാത്തുനിന്നു. സിദ്ദിഖിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഏതുനിമിഷവും മരണം സംഭവിക്കാം എന്നറിഞ്ഞതോടെയാണ് ആശുപത്രി വിട്ടു.

പിന്നീട് കൂട്ടാളികളായ ധർമരാജ് കശ്യപിനും ഗുർമൈൽ സിങ്ങിനുമൊപ്പം ഉജ്ജെയ്ൻ റെയിൽവേ സ്റ്റേഷനിലെത്താനും അവിടെ നിന്ന് ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗത്തിനൊപ്പം വൈഷ്‌ണോ ദേവിയിലേക്ക് കടന്നുകളയാനുമായിരുന്നു പദ്ധതിയെന്ന് ഗൗതം പറഞ്ഞു. ഇതിനിടയിൽ ധർമരാജും ഗുർമൈലും പോലീസിന്റെ പിടിയിലായതോടെ പദ്ധതി പൊളിയുകയായിരുന്നു.

അനുരാഗ് കശ്യപ്, ഗ്യാൻ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേന്ദ്ര പ്രതാപ് സിംഗ് എന്നിവരെ നേപ്പാൾ അതിർത്തിക്കടുത്ത് വച്ച് മുംബൈ ക്രൈംബ്രാഞ്ചും ഗൗതമിനെ ഉത്തർപ്രദേശ് പോലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്‌ടിഎഫ്) ആണ് അറസ്റ്റ് ചെയ്തത്.

ഗൗതമിൻ്റെ നാല് സുഹൃത്തുക്കളുടെ സംശയാസ്പദമായ പ്രവർത്തനങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്ന് പോലീസ് പറഞ്ഞു. സുഹൃത്തുക്കൾ നാലുപേരും ചേർന്ന് വിവിധ വലുപ്പത്തിലുള്ള വസ്ത്രങ്ങൾ വാങ്ങുന്നതും വിദൂര വനത്തിൽ വച്ച് ​ഗൗതമിനെ കാണാൻ പദ്ധതിയിടുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതികൾ പിടിയിലായത്. കൂടാതെ ലഖ്‌നൗവിൽ നിന്ന് വാങ്ങിയ മൊബൈൽ ഫോണുകളിലെ ഇൻ്റർനെറ്റ് കോളുകൾ വഴി അവർ ഗൗതമുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

മാത്രമല്ല പ്രധാന പ്രതികളെ രാജ്യം വിടാൻ സഹായിക്കാനും സുഹൃത്തുക്കൾ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7