വിമാനത്തില്‍ വച്ചു നടിയെ അപമാനിച്ച കേസ്: അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

കൊച്ചി: വിമാനത്തില്‍ വച്ചു നടി ദിവ്യപ്രഭയെ അപമാനിച്ച കേസിലെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു സി.ആര്‍. ആന്റോ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രതിക്ക് എതിരെ ചുമത്തിയതു ഗുരുതര വകുപ്പുകളാണെന്നു കോടതി നിരീക്ഷിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സീറ്റിനെ ചൊല്ലി മാത്രമാണു തര്‍ക്കമുണ്ടായതെന്നും അതു പരിഹരിച്ചിരുന്നെന്നുമായിരുന്നു ആന്റോയുടെ വാദം. ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നതിനു മുമ്പു തന്റെ അറസ്റ്റ് തടയണമെന്ന ഉപഹര്‍ജിയും ആന്റോ സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയാണു കോടതി തള്ളിയത്. അടുത്ത ചൊവ്വാഴ്ച ആന്റോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും.

സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു നെടുമ്പാശേരി പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അങ്ങനെയൊരു സംഭവം വിമാനത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് ആന്റോ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഗ്രൂപ്പ് ടിക്കറ്റിലാണു താന്‍ വിമാനത്തില്‍ യാത്ര ചെയ്തത്. വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന സമയത്തു നടി അതു തന്റെ സീറ്റാണെന്നു പറഞ്ഞു. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ടു ചെറിയ തര്‍ക്കങ്ങള്‍ ആ സമയത്ത് ഉണ്ടായി. എന്നാല്‍ വിമാനത്തിലെ ജീവനക്കാര്‍ എത്തി ആ പ്രശ്‌നം പരിഹരിക്കുകയും നടിക്കു മറ്റൊരു സീറ്റ് നല്‍കുകയും ചെയ്തു. അതിനുശേഷം പരാതി ഒന്നുമില്ലാതെ യാത്ര തിരിച്ചെന്നും പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് കണ്ടപ്പോഴാണ് ഇത്തരത്തില്‍ പരാതിയുണ്ടെന്ന കാര്യം അറിയുന്നതെന്നും ആന്റോ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

pathram desk 1:
Leave a Comment