ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാർത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്. 750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെന്‍റ് 1972 – ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ചാലക്കുടി എം പിയായും പ്രവർത്തിച്ച അദ്ദേഹത്തിന്‍റെ ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായെന്ന് മെഡിക്കൽ വിദഗ്ധ സംഘം വ്യക്തമാക്കി. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നാളെ രാവിലെ 8 മണി മുതൽ 11 മണി വരെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം നടക്കും. മൂന്ന് മണി മുതൽ ഇരിങ്ങാലക്കുടയിലെ വീട്ടിൽ പൊതുദർശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ചരയ്ക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്താനും തീരുമാനമുണ്ട്.

നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972 – ൽ വെള്ളിത്തിരയിൽ എത്തിയ ഇന്നസെന്‍റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. ‘ഗജകേസരിയോഗം’, ‘റാംജിറാവു സ്‍പീക്കിംഗ്’, ‘ഡോക്ടർ പശുപതി’, ‘മാന്നാർ മത്തായി സ്‍പീക്കിംഗ്‌’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാൻ സാധിച്ചു.

ക്യാൻസറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. 2022 ൽ പുറത്തിറങ്ങിയ ‘മകൾ’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‍തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.

pathram desk 1:
Related Post
Leave a Comment