ഗവര്‍ണര്‍ വഴങ്ങിയതോടെ വെടിനിര്‍ത്തല്‍; സഭാസമ്മേളനം നയപ്രഖ്യാപനത്തോടെ തന്നെ തുടങ്ങും

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തന്നെ ആരംഭിക്കും. മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനിശ്ചിതത്വത്തിനൊടുവില്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം. ഇരുഭാഗവും വെടിനിര്‍ത്തലിന് തയ്യാറായെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ഏഴാം സമ്മേളനത്തിന്റെ തുടര്‍ച്ചയായി സഭ ചേരാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സത്യപ്രതിജ്ഞാ വിഷയത്തില്‍ ഗവര്‍ണര്‍ വഴങ്ങിയതോടെ ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു.

15ാം നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബറില്‍ അവസാനിച്ചെങ്കിലും സഭ പിരിയുന്നതായി മന്ത്രിസഭ ചേര്‍ന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നില്ല. അതുകൊണ്ട് ഏഴാം സമ്മേളനത്തിന്റെ തുടര്‍ച്ചയായി ജനുവരിയില്‍ സഭാ സമ്മേളനം ചേരാന്‍ സാധിക്കുമായിരുന്നു. അങ്ങനെ വന്നാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം നടത്തേണ്ടി വരില്ല. ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറി പുതിയ സമ്മേളനം ചേരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഏഴാം സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ സര്‍ക്കാര്‍ അറിയിക്കും.

നിയമസഭ വീണ്ടും ചേരുന്നതിനായി നാളെ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യും. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ എന്ന് മുതല്‍ നിയമസഭ ചേരണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇതനുസരിച്ച് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും.

pathram:
Leave a Comment