തെരുവുനായ ആക്രമണത്തിന്‌ നഷ്‌ടപരിഹാരം: സമിതിക്കു ഫണ്ട്‌ നല്‍കാതെ സര്‍ക്കാര്‍; ഒന്നര ലക്ഷം കയ്യില്‍ നിന്ന് ചെലവാക്കി ജസ്റ്റീസ് സിരിജഗന്‍

തിരുവനന്തപുരം: തെരുവുനായ ആക്രമണത്തിന്‌ ഇരയാകുന്നവര്‍ക്കു നഷ്‌ടപരിഹാരം തീരുമാനിക്കേണ്ട ജസ്‌റ്റിസ്‌ സിരിജഗന്‍ സമിതി പ്രവര്‍ത്തന ഫണ്ടില്ലാതെ പ്രതിസന്ധിയില്‍. കക്ഷികള്‍ക്കു നോട്ടീസ്‌ അയയ്‌ക്കാന്‍ ജസ്‌റ്റിസ്‌ സിരിജഗനു സ്വന്തം കീശയില്‍നിന്നു ചെലവായത്‌ ഒന്നരലക്ഷം രൂപ!

സമിതി പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ ഓഫീസില്‍ ഫോണും വൈൈഫയും ഇല്ല. ഇ-മെയില്‍ ഉപയോഗിക്കാനാവുന്നില്ല. ഏകദേശം 5,500 അപേക്ഷകളില്‍ 818 എണ്ണം മാത്രമാണു സമിതിക്കു പരിശോധിക്കാനായത്‌. 749 എണ്ണത്തില്‍ നഷ്‌ടപരിഹാരം കണക്കാക്കി സര്‍ക്കാരിനെ അറിയിച്ചു. തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളാണു നഷ്‌ടപരിഹാരം നല്‍കേണ്ടത്‌.

പരാതി ലഭിച്ചാല്‍ ആദ്യം നോട്ടീസ്‌ അയയ്‌ക്കും. തുടര്‍ന്ന്‌, സിറ്റിങ്‌ തീരുമാനിച്ച്‌ വീണ്ടും നോട്ടീസ്‌ അയയ്‌ക്കും. ഒരു നോട്ടിസ്‌ അയയ്‌ക്കാന്‍ 180 രൂപയാണു ചെലവ്‌. ടി.എ, ഡി.എ, ഗസ്‌റ്റ്‌ ഹൗസിലെ താമസത്തിനുള്ള ചെലവ്‌ എന്നിവ ലഭിക്കാത്തതിനാല്‍ ജില്ലകളിലെ സിറ്റിങ്‌ ഇപ്പോള്‍ നടക്കുന്നില്ല. തദ്ദേശവകുപ്പാണു സമിതിക്കു പ്രവര്‍ത്തന ഫണ്ട്‌ നല്‍കേണ്ടത്‌.

ജസ്റ്റിസ് സിരിജഗനെ കൂടാതെ സെക്രട്ടറിയും ക്ലാര്‍ക്കും പ്യൂണുമാണ് ഓഫിസിലുള്ളത്. ക്ലാര്‍ക്കും പ്യൂണും നഗരസഭ ജീവനക്കാരാണ്. സെക്രട്ടറി സര്‍ക്കാരില്‍നിന്ന് ഡെപ്യുട്ടേഷനില്‍ പ്രവര്‍ത്തിക്കുന്നതാണ്. നഗരസഭയുടെ കെട്ടിടത്തിലാണ് പ്രവര്‍ത്തനം. കൂടുതല്‍ ജീവനക്കാര്‍ വേണമെന്നും ഓണറേറിയം കൃത്യമായി ലഭിക്കുന്നില്ലെന്നും സര്‍ക്കാരിനെ പലതവണ അറിയിച്ചിട്ടും നടപടിയില്ല. ജില്ലാതല സിറ്റിങ്ങുകള്‍ നടക്കാത്തതിനാല്‍ പരാതിക്കാരെ ഓഫീസിലേക്കു വിളിച്ചുവരുത്തുകയാണ്‌.

തെരുവുനായ ആക്രമണം: പരാതി നല്‍കേണ്ടതിങ്ങനെ

തെരുവുനായ ആക്രമിക്കുകയോ തെരുവുനായ കാരണം വാഹനാപകടം സംഭവിക്കുകയോ ചെയ്‌താല്‍ അപേക്ഷ എഴുതിനല്‍കാം. അപേക്ഷയ്‌ക്കൊപ്പം ചികിത്സ തേടിയ ആശുപത്രിയിലെ ബില്ലുകള്‍, ഒ.പി. ടിക്കറ്റ്‌, മരുന്നുകളുടെ ബില്‍, വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കു ചെലവായ തുക എന്നിവ സമിതി ഓഫീസിലേക്ക്‌ അയയ്‌ക്കണം. വിലാസം: ജസ്‌റ്റിന്‍ സിരിജഗന്‍ കമ്മിറ്റി, യു.പി.എ.ഡി. ബില്‍ഡിങ്‌, പരമാര റോഡ്‌, കൊച്ചി-682018.

അപേക്ഷ ലഭിച്ചാല്‍ പരാതിക്കാരനെ കൊച്ചിയിലേക്ക്‌ ഹിയറിങ്ങിനു വിളിക്കും. വക്കീലിന്റെയോ മറ്റ്‌ സഹായികളുടെയോ ആവശ്യമില്ല. നേരിട്ടെത്തി പരാതി ഉന്നയിക്കാം. ന്യായമെന്നു ബോധ്യപ്പെട്ടാല്‍ നഷ്‌ടപരിഹാരം നല്‍കേണ്ട തദ്ദേശസ്‌ഥാപനത്തിനു നോട്ടീസ്‌ അയയ്‌ക്കും. അവരുടെ ഭാഗംകൂടി കേട്ടശേഷം നഷ്‌ടപരിഹാരം അനുവദിക്കും.

Similar Articles

Comments

Advertismentspot_img

Most Popular