കങ്കണയുടെ ‘ എമര്‍ജന്‍സി’യില്‍ സഞ്ജയ് ഗാന്ധിയായി ആനന്ദത്തിലെ ‘ കുപ്പി’

കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം വിശാഖ്. ‘എമര്‍ജന്‍സി’ എന്നചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയായി കങ്കണ എത്തും. ചിത്രത്തിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സഞ്ജയ് ഗാന്ധിയുടെ പോസ്റ്ററാണ് ഇറങ്ങിയത്. മലയാളി താരം വിശാഖ് നായരാണ് സഞ്ജയ് ഗാന്ധിയായി ചിത്രത്തിലെത്തുന്നത്.

വിശാഖിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ‘എമര്‍ജന്‍സി’. സഞ്ജയ് ഗാന്ധിയുടെ വേഷം അഭിനയിക്കാന്‍ പറ്റുന്നത് ശരിക്കും അംഗീകാരമാണെന്ന് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വിശാഖ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കങ്കണയ്ക്കും സംഘത്തിനുമൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചതിലുള്ള വിനയവും വിശാഖ് പ്രകടിപ്പിക്കുന്നുണ്ട്.

പവര്‍ഹൗസ് ഓഫ് ടാലന്റ് എന്നാണ് വിശാഖിന്റെ കാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കങ്കണ എഴുതിയത്. ഇന്ദിരയുടെ ആത്മാവായിരുന്നു സഞ്ജയ്. അവര്‍ക്ക് ഇഷ്ടമായതും നഷ്ടമായതും എന്നും കങ്കണ കുറിച്ചു. ആനന്ദം എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രമാണ് വിശാഖിനെ ശ്രദ്ധേയനാക്കിയത്. പുത്തന്‍പണം, ചങ്ക്‌സ്, ചെമ്പരത്തിപ്പൂ, ഹൃദയം തുടങ്ങിയ ചിത്രങ്ങളിലും വിശാഖ് അഭിനയിച്ചു.

‘മണികര്‍ണിക’യ്ക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എമര്‍ജന്‍സി’. വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. സാം മനേക് ഷാ ആയി മിലിന്ദ് സോമനും പുപുല്‍ ജയകര്‍ ആയി മഹിമാ ചൗധരിയും ജയപ്രകാശ് നാരയണായി അനുപം ഖേറും എത്തുന്നു. ശ്രേയസ് തല്‍പഡേയാണ് അടല്‍ ബിഹാരി വാജ്‌പേയിയുടെ വേഷത്തില്‍. റിതേഷ് ഷാ ആണ് ‘എമര്‍ജന്‍സി’യുടെ തിരക്കഥ ഒരുക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീതം നല്‍കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular