തെരുവുനായ ശല്യം: വാക്സിനേഷന്‍ നല്‍കും, പേപിടിച്ച നായകളെ കൊല്ലാന്‍ അനുമതി തേടും; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. തെരുവ് നായകള്‍ക്ക് വാക്സിന്‍ നല്‍കും. വാക്സിനേഷന്‍ ഡ്രൈവിന് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം 20 ന് പദ്ധതിക്ക് തുടക്കമാകും. താല്‍പ്പര്യമുള്ള കോവിഡ് സന്നദ്ധ സേന, കുടുംബശ്രീ അംഗങ്ങള്‍ക്ക് വെറ്റനറി സര്‍വകലാശാല പരിശീലനം നല്‍കാനും തീരുമാനമായി.

വാക്സിന്‍ അടിയന്തരമായി വാങ്ങാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കും. പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടര്‍ ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വാക്സിനേഷന് പ്രാധാന്യം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാംസ വ്യാപാരികള്‍, കല്യാണ മണ്ഡപ ഉടമകളുടെയും യോഗം വിളിക്കും. എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡല അടിസ്ഥാനത്തിലും തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തിലും യോഗം വിളിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

152 ബ്ലോക്കുകളില്‍ എബിസി സെന്റര്‍ ആരംഭിക്കണം എന്നാണ് മന്ത്രിതല യോഗ തീരുമാനം. 37 എബിസി സെന്ററുകള്‍ ആരംഭിച്ചു. പേ പിടിച്ചതും അക്രമകാരികളുമായ നായ്ക്കളെ കൊല്ലാന്‍ സുപ്രീം കോടതിയുടെ അനുമതി തേടും. വളര്‍ത്ത് നായ്ക്കളുടെ വാക്സിന്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഉടമസ്ഥന്‍ ഇല്ലാത്ത നായ്ക്കളെ വാക്സിനേഷന് എത്തിച്ചാല്‍ 500 രൂപ പാരിതോഷികം നല്‍കും.സ്‌കൂള്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും യോഗത്തില്‍ തീരുമാനമായി. കടി ഏറ്റാലും അപകടം സംഭവിക്കാതിരിക്കാനാണ് പ്രഥമ പരിഗണന. അതിന് വേണ്ടിയാണ് വാക്സിനേഷന്‍. ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ സ്വാഭാവികമായും കാലതാമസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. നായ്ക്കളെ വന്ധ്യംകരണത്തിന് വെറ്റനറി സര്‍വ്വകലാശാലയുടെ സഹായം തേടും.എബിസിയ്ക്ക് തിരിച്ചടി ആയത് കുടുംബശ്രീ വിലക്കാണ്. ഏകദേശം 2.89 ലക്ഷം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് കണക്കെന്നും ആറ് ലക്ഷം ഡോസ് മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

pathram:
Related Post
Leave a Comment