ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ തീപിടിത്തം; 8 പേർ വെന്തുമരിച്ചു, ഹോട്ടലിലേക്കും പടർന്നു

ഹൈദരാബാദ്: ഹൈദരാബാദിൽ ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ട് പേർ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു സംഭവം. സെക്കന്ദരാബാദിലെ പാസ്പോർട്ട് ഓഫീസിന് സമീപത്തെ ഇലക്ട്രിക് ബൈക്ക് ഷോറൂമിലായിരുന്നു തീപിടിത്തമുണ്ടായത്.

ഷോറൂമിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചോ ആയിരിക്കാം തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ഷോറൂമിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ മുകൾ നിലയിലുള്ള ഹോട്ടലിലേക്കും തീ പടരുകയായിരുന്നു. ഹോട്ടലിൽ 25ലേറെ മുറികളിൽ താമസക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടാൻ കാരണം. തീപടർന്നതോടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് പലരും താഴേക്ക് എടുത്ത് ചാടുകയും പൈപ്പ് വഴി ഇറങ്ങുകയും ചെയ്തു. ഇത്തരത്തിൽ ഇറങ്ങിയവരില്‍ പലരും താഴേക്ക് വീഴുകയും പരിക്കേൽക്കുകയും ചെയ്തുവെന്ന് ഹൈദരാബാദ് പോലീസ് വൃത്തങ്ങൾ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫയർഫോഴ്സ് സംഘം ഉൾപ്പെടെ എത്തി നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. മരണ സംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

pathram:
Related Post
Leave a Comment