ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്‌കാരം വിവാഹ ജീവിതത്തെ ബാധിച്ചു

കൊച്ചി: വിവാഹ മോചന കേസില്‍ വിവാദ നിരീക്ഷണങ്ങളുമായി കേരള ഹൈക്കോടതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം നമ്മുടെ വിവാഹ ജീവിതങ്ങളേയും സ്വാധീനിച്ചിരിക്കുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചു. ആലപ്പുഴ സ്വദേശികളുടെ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ മുഹമ്മദ്‌ മുസ്താഖ്, സോഫി തോമസ് എന്നിവരുടെ ബെഞ്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

ആവശ്യം കഴിയുമ്പോള്‍ ഒഴിവാക്കുന്ന ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ വളരുന്നു. വിവാഹ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിച്ചിരുന്ന കാഴ്ചപാടുള്ള സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ ജീവിതം ആസ്വദിക്കുന്നതിന് വിവാഹ ബന്ധം തടസ്സമാണ് എന്ന കാഴ്ചപാടിലേക്ക് ഇത് മാറുന്നു.

വിവാഹ മോചിതരാകുന്നവരുടേയും അവരുടെ കുട്ടികളുടേയും എണ്ണം വര്‍ധിച്ചുവരുന്നത് സാമൂഹ്യ ജീവിതത്തെ ദോഷകരമായി ബാധിക്കും. ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളം ഒരു കാലത്ത് ശക്തമായ കുടുംബ ബന്ധങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. എന്നാല്‍ വളരെ ചെറിയ കാര്യങ്ങള്‍ക്കും സ്വാര്‍ത്ഥമായ ചില താത്പര്യങ്ങള്‍ക്കുംവേണ്ടി വിവാഹേതര ബന്ധങ്ങള്‍ക്കായി വിവാഹ ബന്ധം തകര്‍ക്കുന്നതാണ് പുതിയ ചിന്ത.

ബാധ്യതകള്‍ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായാണ് വിവാഹത്തെ പുതുതലമുറ കാണുന്നത്. ഭാര്യ എന്നാല്‍ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവള്‍ എന്നതാണ് ഇന്നത്തെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു എന്നിങ്ങനെയാണ് ഉത്തരവിലെ പരാമര്‍ശങ്ങള്‍.

വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് നല്‍കിയ ഹര്‍ജി കുടുംബക്കോടതി തള്ളിയിരുന്നു. ഇതിനെതിരായാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഭാര്യയില്‍ നിന്നുള്ള പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണമാണ് വിവാഹമോചനത്തിനായി യുവാവ് ചൂണ്ടിക്കാട്ടിയത്.

Similar Articles

Comments

Advertismentspot_img

Most Popular