കൊല്ലത്ത് പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവ്? കുഞ്ഞിന് ഗുരുതരം

കൊല്ലം : പ്രസവത്തെതുടർന്ന് കൊല്ലത്തു യുവതി മരിച്ചതില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൈലക്കാട് സ്വദേശിനി ഹർഷയാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നവജാതശിശു ഗുരുതരാവസ്ഥയിൽ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്‌.

അഷ്ടമുടി ആശുപത്രിക്കെതിരെയാണ് പരാതി. മൈലക്കാട് സ്വദേശിയായ വിപിന്റെ ഭാര്യ ഹർഷയെ കഴിഞ്ഞദിവസമാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായി. ഹര്‍ഷയെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു.

ഹര്‍ഷയുടെ കുഞ്ഞ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ചു രാഷ്ട്രീയ പാർട്ടികൾ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ചികിത്സയില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ സാക്ഷികളാണെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. അമ്നിയോട്ടിക് ഫ്ളൂയിഡ് എംബോളിസം മൂലമുണ്ടാകുന്ന ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി ഡയറക്ടർ ഡോ. ജേക്കബ് ജോൺ അറിയിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ കൊട്ടിയം പൊലീസ് അന്വേഷണം തുടങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular