സൗരവ് ഗാംഗുലിക്ക് ലണ്ടനിൽ ഒരു അപ്രതീക്ഷിത അതിഥിയെ കിട്ടി: ജന്മദിനം ഒരു ദിവസം മുന്നേ ആഘോഷിച്ച് താരം

ലണ്ടൻ : അൻപതാം ജന്മദിനത്തലേന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് ലണ്ടനിൽ ഒരു അപ്രതീക്ഷിത അതിഥിയെ കിട്ടി. ഇന്ത്യൻ ടീമിൽ ഓപ്പണിങ് പങ്കാളിയായിരുന്ന സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ! ജന്മദിനം ഇന്നാണെങ്കിലും പ്രിയപ്പെട്ട കൂട്ടുകാരനെ കിട്ടിയപ്പോൾ ഗാംഗുലി ആഘോഷം ഒരു ദിവസം നേരത്തേയാക്കി. ഇതിഹാസ താരങ്ങളുടെ കുടുംബസംഗമം സമൂഹമാധ്യമങ്ങളിൽ ആരാധകരും ആഘോഷമാക്കി. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനൊപ്പം പോയതാണ് ഗാംഗുലി. സച്ചിൻ അവധിക്കാലം ആഘോഷിക്കാനാണ് ലണ്ടനിലെത്തിയത്.

1972 ജൂലൈ എട്ടിന് കൊൽക്കത്തയിലാണ് ഗാംഗുലി ജനിച്ചത്. തന്നെക്കാൾ ഒരു വയസ്സ് മുതിർന്ന ‘ദാദ’യുമൊത്തുള്ള ഓർമകൾ പിന്നീട് വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിൽ സച്ചിൻ ഓർത്തെടുത്തു. കാൻപുരിൽ ബിസിസിഐ സംഘടിപ്പിച്ച ഒരു ജൂനിയർ ക്രിക്കറ്റ് ചാംപ്യൻഷിപ്പിലാണ് ഗാംഗുലിയെ ആദ്യമായി കാണുന്നതെന്ന് സച്ചിൻ പറ‍ഞ്ഞു. ‘‘ഞങ്ങൾ രണ്ടു പേരും അണ്ടർ–15 താരങ്ങളായിരുന്നു അന്ന്. എതിർ ടീമിലാണ് കളിച്ചിരുന്നത്. പിന്നീട് ഇൻഡോറിൽ നടന്ന ഒരു ക്യാംപിൽ അടുത്ത് പരിചയപ്പെട്ടു. സ്റ്റാർ ക്രിക്കറ്റ് ക്ലബ് എന്ന പേരിൽ ഇംഗ്ലണ്ടിലേക്കു പോയ ടീമിലും ഒരുമിച്ചുണ്ടായിരുന്നു..’’

ഗാംഗുലി വെള്ളപ്പൊക്കത്തിൽ

അണ്ടർ–15 കാലം മുതൽക്കേ പരസ്പരമുള്ള കുസൃതികളും തങ്ങൾ തുടങ്ങിയിരുന്നെന്ന് സച്ചിൻ പറഞ്ഞു. അണ്ടർ–15 ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഗാംഗുലിയെ വെള്ളത്തിൽ കുളിപ്പിച്ച സംഭവം സച്ചിൻ പങ്കുവച്ചു. ‘സൗരവിന് അന്ന് ഉച്ചയുറക്കം പതിവായിരുന്നു. അതൊന്നു തീർക്കണമെന്ന് ഞാനും സഹതാരങ്ങളായ ജതിൻ പരഞ്ജ്പെയും കേദാർ ഗോഡ്ബോലെയും കരുതി. ഒരു ദിവസം ഉച്ചയ്ക്ക് വെള്ളം നിറച്ച ബക്കറ്റുമായി ഞങ്ങൾ സൗരവിന്റെ റൂമിൽ കയറി. ഉറങ്ങിക്കിടക്കുന്ന അദ്ദേഹത്തിന്റെ തലയിൽ വെള്ളമൊഴിച്ചു’– സച്ചിന്റെ വാക്കുകൾ.

ഓസ്ട്രേലിയയിലെ ‘റൂം മേറ്റ്’

1992ൽ ഇന്ത്യയ്ക്കു വേണ്ടി ഏകദിനത്തിൽ അരങ്ങേറിയെങ്കിലും പിന്നീട് നാലു വർഷം കഴിഞ്ഞാണ് ലോർഡ്സിലെ കന്നി ടെസ്റ്റ് സെഞ്ചറിയിലൂടെ ഗാംഗുലി രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിക്കുന്നത്. എന്നാൽ ഗാംഗുലി ടീമിൽ ഇല്ലാതിരുന്ന സമയത്തും അദ്ദേഹവുമായി ബന്ധം പുലർത്തിയിരുന്നെന്ന് സച്ചിൻ പറഞ്ഞു. ‘1992ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഗാംഗുലിയും ഞാനും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. നേരത്തേ അറിയാമായിരുന്നതിനാൽ അപരിചിതത്വത്തിന്റെ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. അന്നു തുടങ്ങിയ ബന്ധം പിന്നീടും തുടർന്നു. അദ്ദേഹം വീണ്ടും ടീമിലെത്തിയതോടെ ഊഷ്മളമാകുകയും ചെയ്തു..’– സച്ചിൻ പറഞ്ഞു.

ശ്രീജിത്ത് രവി പരാതിക്കാരായ കുട്ടികൾക്കു നേരെ രവി നാലാം തിയതിയും അഞ്ചാം തിയതിയും നഗ്നതാ പ്രദർശനം നടത്തി

pathram desk 1:
Leave a Comment