നിയമസഭയിൽ വൻ പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ നടപടികൾ പുനരാരംഭിച്ചപ്പോഴും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. തുടർന്ന് ‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം’ എന്ന ബാനർ പിടിച്ചുകൊണ്ട് പ്രതിപക്ഷം നിയമസഭാ മന്ദിരം വിട്ട് പുറത്തേക്ക് വന്നു.

സ്പീക്കറുടെ ഡയസിന് അരികിലെത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് അടിയന്തര പ്രമേയ നോട്ടിസ് പരിഗണിച്ചിരുന്നില്ല. ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കിയിരുന്നു. തുടർന്ന് സഭ പിരിയുകയായിരുന്നു.

ഇന്ന് യുഡിഎഫിന്റെ യുവ എം.എൽ.എമാർ നിയമസഭയിലെത്തിയത് കറുപ്പണിഞ്ഞാണ്. കറുത്ത ഷർട്ടും മാസ്‌കും ധരിച്ചാണ് ഷാഫി പറമ്പിൽ ഉൾപ്പടെയുള്ള യുവ എം.എൽ.എമാർ എത്തിയത്. മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത് ആരോപണങ്ങൾ മുതൽ എസ്എഫ്‌ഐ ആക്രമണം വരെയുള്ള നിരവധി വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കാനിരിക്കേയാണ് സഭാ നടപടികൾ നിർത്തിയത്.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവം അടിയന്തര പ്രമേയമായി ശൂന്യവേളയിൽ ഉന്നയിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. കൽപ്പറ്റ എം.എൽ.എ ടി. സിദ്ധിഖാക്കാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകാനിരുന്നത്. ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചതോടെ സഭ നിർത്തിവച്ചു. പിന്നീട് സഭ പുനരാരംഭിച്ചുവെങ്കിലും പ്രതിഷേധം തുടർന്നതോടെ സഭ പിരിഞ്ഞു.

ആക്ഷൻ ഹീറോ ബിജു സിനിമയിലെ നടൻ മരിച്ച നിലയിൽ

മുഖ്യമന്ത്രി നടൻ പൃഥ്വിരാജിനോട് മത്സരിക്കുകയാണോ..?

pathram:
Leave a Comment