മുഖ്യമന്ത്രി നടൻ പൃഥ്വിരാജിനോട് മത്സരിക്കുകയാണോ..?

88 ലക്ഷത്തിലധികം രൂപ ചെലവാക്കി മുഖ്യമന്ത്രിയുടെ എസ്‌കോർട്ടിന് വീണ്ടും വാഹനം വാങ്ങുന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച.
ഇതിനെ പരിഹസിച്ച് മുൻ എം.എൽ.എ കെ.എസ്. ശബരിനാഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കിയയും ഇന്നോവ ക്രിസ്റ്റയും അടക്കം നാല് വാഹനങ്ങളാണ് പുതുതായി വാങ്ങുന്നത്.

മുഖ്യമന്ത്രി ലേറ്റസ്റ്റ് മോഡൽ ഇന്നോവ ക്രിസ്റ്റ വാങ്ങിയത് ജനുവരി 2022ൽ. എന്തായാലും മാസം ആറ് കഴിഞ്ഞില്ലേ, ഇനി ഒരു പുതിയ കിയ കാർണിവൽ ആകാം, അതാണ് അതിന്റെ ഒരു മിഴിവ്!. ഇതെല്ലാം അടങ്ങുന്ന വാഹനവ്യൂഹത്തിന്റെ ചെലവ് വെറും 88,69,841രൂപ മാത്രം.

കെഎസ്ആർടിസി ശമ്പളം കൊടുത്തില്ലെങ്കിൽ എന്താ? പഞ്ചായത്തുകൾക്കുള്ള സർക്കാർ വിഹിതം കുറഞ്ഞാൽ എന്താ? വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ഇല്ലെങ്കിൽ എന്താ, പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താൽ മതിയല്ലോ!
എന്തായാലും ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ മുഖ്യമന്ത്രിയുടെ മുന്നിൽ തോറ്റു പോകുമല്ലോ, അതു മതി. – ശബരിനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

2022 ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയർ കാറും വാങ്ങാൻ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിൻ വാങ്ങുന്നത്. നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാൻ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിലെ ടാറ്റ ഹാരിയർ ഒഴിവാക്കിയാണ് കിയ ലിമോസിൻ വാങ്ങുന്നത്. ഇതോടെ പുതിയ ഉത്തരവിൽ ആകെ ചെലവ് 88.69 ലക്ഷമായി ഉയർന്നു. കാർണിവലിന്റെ വില മാത്രം 33.31 ലക്ഷം രൂപയാണ്.

നിലവിൽ മൂന്നു കറുത്ത ഇന്നോവ കാറുകളാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കും എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കുമായി ഉള്ളത്. ഈ കാറുകൾ വാങ്ങാൻ തീരുമാനിച്ച സമയത്ത് മറ്റൊരു കാർ കൂടി വാങ്ങുന്നതിന് അനുമതിയായിരുന്നു. എന്നാൽ അതിനു സുരക്ഷ കുറവാണെന്നു ഡിജിപി ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മറ്റൊരു കമ്പനിയുടെ കാർ വാങ്ങുന്നത്. ഇനി മുതൽ ഈ കാറിലാകും മുഖ്യമന്ത്രിയുടെ യാത്ര. വടക്കൻ ജില്ലകളിലെ യാത്രകളിൽ പഴയ വാഹനങ്ങൾ ഉപയോഗിക്കും.

കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ കാർണിവൽ സീരിസിലെ ലിമോസിൻ കാറാണ് പുതുതായി വാങ്ങുന്നത്. കൂടുതൽ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞാണ് പുതിയ കാർ വാങ്ങാനുള്ള തീരുമാനം. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് 33 ലക്ഷം മുടക്കി പുതിയ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 കാർ വാങ്ങുന്നത്. ഇതുസംബന്ധിച്ച ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.

pathram desk 2:
Leave a Comment