പോകുന്നവർക്ക് പോകാം, പുതിയ ശിവസേന ഉണ്ടാക്കുമെന്ന് ഉദ്ധവ്; നിർണായക യോഗം ഇന്ന്‌‌

മുംബൈ: വിമത നേതാവ് ഏക്നാഥ് ഷിൻഡെയും ബിജെപിയും ശിവസേനയെ തട്ടിയെടുക്കാനും ഇല്ലാതാക്കാനുമാണു ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സാധാരണക്കാരായ ശിവസേന പ്രവർത്തകരാണു തന്റെ കരുത്തെന്നും ഉദ്ധവ് പാർട്ടി നേതാക്കളുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിൽ അവകാശപ്പെട്ടു. ‘ശിവസേന പ്രവർത്തകർ എന്റെ കൂടെയുള്ളിടത്തോളം മറ്റുള്ളവരുടെ വിമർശനങ്ങളെ ഞാൻ കാര്യമായി എടുക്കില്ല’.

‘ശിവസേനയെ സ്വന്തക്കാർ തന്നെയാണു ചതിച്ചത്. നിങ്ങളിൽ പലര്‍ക്കും അർഹതയുണ്ടായിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞങ്ങൾ അവർക്കാണു സീറ്റ് നല്‍കിയത്. നിങ്ങളുടെ കഠിനാധ്വാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടശേഷമാണ് ഈ ആളുകൾ ഇപ്പോൾ അസംതൃപ്തരാകുന്നത്. മോശം സമയത്തും നിങ്ങൾ പാർട്ടിക്കൊപ്പമുണ്ട്. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാമെന്ന് ഏക്നാഥ് ഷിൻഡെയോടു പറഞ്ഞിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കാൻ എംഎൽഎമാരുടെ സമ്മർദമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ആ എംഎൽഎമാരെ എന്റെ അടുത്തേക്കു കൊണ്ടുവരാനും ചർച്ച ചെയ്യാമെന്നും ഞാൻ പറഞ്ഞു. പോകുന്നവർക്കു പോകാം, ഞാൻ പുതിയ ശിവസേനയെ ഉണ്ടാക്കും.’

ബിജെപി വളരെ മോശമായാണ് ശിവസേനയോടു പ്രതികരിച്ചിട്ടുള്ളത്. വാക്കുകളൊന്നും അവർ പാലിച്ചില്ല. ഒരു ശിവസേന പ്രവർത്തകൻ മുഖ്യമന്ത്രിയാകുമെങ്കിൽ നിങ്ങൾക്ക് ബിജെപിക്കൊപ്പം പോകാം. എന്നാൽ ഉപമുഖ്യമന്ത്രിയാകാനാണെങ്കിൽ അത് എന്നെക്കൊണ്ടും സാധിക്കും. എനിക്കു പാർട്ടിയെ നയിക്കാൻ ശേഷിയില്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ രാജിവയ്ക്കാൻ ഞാന്‍ തയാറാണ്. ശിവസേന എന്നത് ഒരു ആശയമാണ്. ഹിന്ദുവോട്ട് ബാങ്ക് ആരുമായും പങ്ക് വയ്ക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് അവർ ശിവസേനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്’– ഉദ്ധവ് താക്കറെ പറഞ്ഞു.

അതേസമയം ശിവസേന ദേശീയ എക്സിക്യൂട്ടീവ് യോഗം ശനിയാഴ്ച ചേരും. ശിവസേന ഭവനിൽ നടക്കുന്ന യോഗത്തിൽ ഉദ്ധവ് താക്കറെ വെർച്വലായി പങ്കെടുക്കും. കോവിഡ് ബാധിതനായി ചികിത്സയിലാണ് അദ്ദേഹം. ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം പോയ 16 എംഎൽഎമാർക്ക് ഇന്ന് പാർട്ടി നോട്ടിസ് അയച്ചേക്കും. നടപടിയെടുക്കാനുള്ള വിമതരുടെ പട്ടിക മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കർക്ക് അയച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7