സിജു വിൽസൺ വ്യത്യസ്തമായ വേഷത്തിലെത്തുന്ന വരയനിലെ ഗാനം വൈറലാവുന്നു. പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾകൊണ്ടുതന്നെ “പറ പറ പറ പാറുപെണ്ണേ” എന്ന് തുടങ്ങുന്ന ഗാനവും സിജുവിൻ്റെ പ്രകടനവും ഒരുപോലെ ജനശ്രദ്ധ നേടിയിരിക്കുകയാണ്. ബി. കെ. ഹരി നാരായണൻ്റെ രചനയിൽ പ്രകാശ് അലക്സ് സംഗീതമൊരുക്കിയിരിക്കുന്ന ഗാനം ആലപിച്ചത് മത്തായി സുനിൽ ആണ്. ബിജിബാൽ, ജിബിൻ ഗോപാൽ, മധു പോൾ, വിജയ് ജേക്കബ്, പോബി, പ്രകാശ് തുടങ്ങിയവർ ഈ ഗാനത്തിൽ പിന്നണിയും പാടിയിരിക്കുന്നു.
പുതുതായി ഇടവകയിൽ എത്തുന്ന യുവാവായ വൈദികൻ തൻ്റെ പുതിയ നാടും നാട്ടുകാരുമായി ഇടപഴകുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം രസകരമായ സംഭാഷണങ്ങളും രംഗങ്ങളും ഉൾപ്പെടുത്തി ചിത്രീകരിച്ചിരിക്കുന്ന ഗാനം വളരെ വ്യത്യസ്തമായ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.
ലിയോണ ലിഷോയ്, മണിയൻപിള്ള രാജു, വിജയരാഘവൻ, ജൂഡ് ആൻ്റണി ജോസഫ്, ബിന്ദു പണിക്കർ, ജോയ് മാത്യൂ, അരിസ്റ്റോ സുരേഷ് തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ജിജോ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 23 വർഷമായി മലയാളിയുടെ സംഗീതാസ്വാദനത്തിന്റെ ഭാഗമായി മാറിയ സത്യം ഓഡിയോസിന്റെ സിനിമ നിർമ്മാണ കമ്പനിയായ സത്യം സിനിമാസിൻ്റെ ബാനറിൽ എ. ജി. പ്രേമചന്ദ്രൻ നിർമ്മിച്ച് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് ‘വരയൻ’.
ഫാദർ ഡാനി കപ്പൂച്ചിനാണ് ചിത്രത്തിൻ്റെ തിരക്കഥ. കൊറിയോഗ്രാഫി പ്രസന്നാ മാസ്റ്ററും, ഛായാഗ്രഹണം രജീഷ് രാമനുമാണ്. ചിത്രസംയോജനം – ജോൺ കുട്ടി, കലാ സംവിധാനം – നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം – സമീറ സനീഷ്, പി. ആർ. ഓ – മഞ്ജു ഗോപിനാഥ്, എ. എസ്. ദിനേശ്. ഡിജിറ്റൽ മാർക്കറ്റിംഗ് – എം. ആർ. പ്രൊഫഷണൽ.