ടാര്‍ഗറ്റ് ആയ ഉദ്യോഗസ്ഥന്‍ ആരാണോ അയാള്‍ കൊല്ലപ്പെടണം.. ഉദ്യോഗസ്ഥരെ പച്ചക്ക് കത്തിക്കണം; ദിലീപിന്റെ മുൻകൂർ ജാമ്യഹർജി: വിധി തിങ്കളാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെ കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച. ഹര്‍ജിയില്‍ വാദം വെള്ളിയാഴ്ച പൂര്‍ത്തിയായി. ഇനി ഇരുവിഭാഗങ്ങള്‍ക്കും കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ശനിയാഴച രേഖാമൂലം അറിയിക്കാമെന്നും കോടതി അറിയിച്ചു. അതിനുശേഷം തിങ്കളാഴ്ച രാവിലെ 10.15 ന് വിധി പുറപ്പെടുവിക്കും.

കേവലം ശാപവാക്കുകള്‍ മാത്രമല്ല അതിനപ്പുറത്ത് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നതിനായി കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. വിധി പറയാനുണ്ടാകുന്ന താമസം അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

സാധാരണ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനപ്പുറത്ത് വിശദമായ വാദ പ്രതിവാദങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. സോജന്‍, സുദര്‍ശന്‍ എന്നീ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പണികൊടുക്കണമെന്ന് ദിലീപ് പറയുന്ന വാക്കുകള്‍ എങ്ങനെയാണ് ശാപവാക്കുകളായി കാണാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥരെ വധിക്കാനുള്ള തീരുമാനമെടുത്ത ശേഷമാണ് ഇത്തരമൊരു സംസാരം ഉണ്ടായതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.

പ്രോസിക്യൂഷന്‍ തങ്ങള്‍ക്ക് അനുകൂലമായി സമര്‍പ്പിച്ച കേസുകള്‍ ഈ കേസുമായി യൊതൊരു ബന്ധവുമില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. ദിലീപ് അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് പറയാനാവില്ല. മൂന്ന് ദിവസം 9 മണിമുതല്‍ രാത്രി 8 മണിവരെ ചോദ്യം ചെയ്തു. ഫോണിന്റെ പാറ്റേണ്‍ ചോദിച്ചപ്പോള്‍ ഉടനെ കൊടുത്തു. പോലീസ് പറയുന്നത് ഏറ്റുപറയുകയാണ് പ്രോസിക്യൂഷനെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് എന്തിനാണ് ഇത്ര വൈരാഗ്യമെന്നും ദിലീപ് ചോദിക്കുന്നു.

കേസില്‍ ദിലീപാണ് ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം പ്രതിഭാഗം നടത്തിയ വാദങ്ങള്‍ക്ക് അക്കമിട്ടാണ് പ്രോസിക്യൂഷന്‍ ഇന്ന് മറുപടി നല്‍കിയത്. കേസിലെ നടപടി ക്രമങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് പ്രോസിക്യൂഷന്‍ വാദം തുടങ്ങിയത്. ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്. നടിയെ ആക്രമിച്ച കേസിലെ പങ്കാളിത്തം മുതല്‍ ഓരോ കാര്യങ്ങളും പരിശോധിക്കണം. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ്. ദിലീപ് ബുദ്ധിപൂര്‍വം ഗൂഢാലോചന നടത്തി തന്ത്രപൂര്‍വം രക്ഷപ്പെടുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഇതൊരു അസാധാരണ കേസാണ്. ഈ കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് പരിഗണിക്കേണ്ടത്. കുറ്റകൃത്യം നടത്തയിട്ടില്ലെന്നത് അല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തി വൈരാഗ്യമല്ല കേസിന് പിന്നില്‍. ക്രൈംബ്രാഞ്ചിന് ഈ കേസുമായി ബന്ധപ്പെട്ട് ദുരുദ്ദേശമില്ല. അന്വേഷണ ഉദ്യോഗസ്ഥന് ബാലചന്ദ്രകുമാറുമായി ബന്ധമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍.

അതേസമയം ഗൂഢാലോചന കുറ്റം നിലനില്‍ക്കുമോ എന്ന് കോടതി ചോദിച്ചു. ഏതെങ്കിലും സ്ഥലത്തിരുന്നുകൊണ്ടുള്ള സംസാരം ഗൂഢാലോചന കുറ്റം ആകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ ഇതൊരു അസാധാരണ കേസാണ്. ഇതിന് സാക്ഷിയുണ്ട്. ബാലചന്ദ്രകുമാര്‍ ഗൂഢാലോചനക്ക് സാക്ഷിയാണ്. 2017 നവംബര്‍ 15ന് ദിലീപിന്റെ ആലുവയിലുള്ള പത്മസരോവരം വീട്ടില്‍ വെച്ച് നടത്തിയ സംഭാഷണങ്ങള്‍ക്കപ്പുറത്ത് സാക്ഷിയുണ്ട്, കൂടാതെ ചില നീക്കങ്ങളുണ്ടായെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. സോജന്‍, സുദര്‍ശന്‍ എന്നീ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പണികൊടുക്കണമെന്ന് ദിലീപ് പറയുന്ന വാക്കുകള്‍ എങ്ങനെയാണ് ശാപവാക്കുകളായി കാണാന്‍ കഴിയും. ഉദ്യോഗസ്ഥരെ വധിക്കാനുള്ള തീരുമാനമെടുത്ത ശേഷമാണ് ഇത്തരമൊരു സംസാരം ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്‍ വാദം.

ബാലചന്ദ്രകുമാര്‍ ദിലീപിന്റെ ഗൂഢാലോചന സംബന്ധിച്ച് ഭാര്യയോടു പറഞ്ഞിരുന്നു. പിന്നീട് പോലീസിനെ അറിയിക്കുന്നതിനെക്കുറിച്ച് ഭാര്യയോട് സംസാരിച്ചു.എന്നാല്‍ പോലീസിനോട് പറഞ്ഞാല്‍ ജീവന് തന്നെ ഭീഷണി ഉണ്ടാകുമെന്നാണ് ഭാര്യ പറഞ്ഞത്. ഇക്കാര്യങ്ങളടക്കം ഭാര്യയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ഒരു വ്യക്തിയുടെ മൊഴി എങ്ങനെയൊക്കെ വിശ്വാസത്തിലെടുക്കാമെന്ന് വിവിധ കോടതികള്‍ ഉദ്ധരിച്ചുകൊണ്ട് പ്രോസിക്യൂഷന്‍ വാദം ഉന്നയിച്ചു.

ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികളുടെ ഫോണുകള്‍ കാണാതെ പോയി. തെറ്റുകാരല്ലെങ്കില്‍ എന്തിന് ഫോണ് മാറ്റി. സിനിമ നിര്‍മാതാവായ സലിമിന്റെ മൊഴിയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. എ വി ജോര്‍ജ്, ബി സന്ധ്യ എന്നീ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് പ്ലോട്ടുകള്‍ മാറ്റിവെച്ചിരിക്കുകയാണെന്ന് ദിലീപ് പറഞ്ഞിരുന്നു. അന്ന് അങ്ങനെയൊക്കെ നടക്കുമോ എന്ന് ചിന്തിച്ചിരുന്നു. ഇപ്പോള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുണ്ടായപ്പോള്‍ ഗൂഢാലോചനക്ക് ശേഷം കുറ്റകൃത്യം നടത്തുന്നതിന് നീക്കം നടത്തി എന്നാണ് മനസിലാക്കുന്നതെന്നാണ് സലിമിന്റെ മൊഴി. അതേസമയം ഗൂഢാലോചനയ്ക്ക് അപ്പുറത്തേക്ക് മറ്റ് നടപടികളിലേക്ക് കടന്നതായാണ് പലരുടേയും മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം മറ്റ് ആരൊക്കെ ഉണ്ട് എന്നത് വിഷയമല്ല, ടാര്‍ഗറ്റ് ആയ ഉദ്യോഗസ്ഥന്‍ ആരാണോ അയാള്‍ കൊല്ലപ്പെടണം. ഉദ്യോഗസ്ഥരെ പച്ചക്ക് കത്തിക്കണം. തന്റെ ദേഹത്ത് കൈ വെച്ച സുദര്‍ശന്റെ കൈ വെട്ടണം. ലക്ഷ്യംവെച്ചത് ആരെയെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ കൊല നടത്തണമെന്നും ദിലീപ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് ഉണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. പിന്നീട് പ്രതികളോട് ചോദ്യം ചെയ്യലിന് ഹാജരാകാനും മറ്റും കോടതി പറയുകയായിരുന്നു. വിധി വൈകുന്നത് പ്രതിക്ക് ഗുണകരമാകും. നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ കൂറുമാറ്റി. ദിലീപിന്റെ വീട്ടിലെ കെയര്‍ ടേക്കറിനെ മൊഴിയെടുക്കുന്നതിനായി വിളിച്ചു വരുത്തി. അയാളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

pathram:
Related Post
Leave a Comment