‘എനിക്ക് എല്ലാം ശിവശങ്കറായിരുന്നു, എല്ലാം അദ്ദേഹത്തിനറിയാം, -സ്വപ്ന

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തുലുമായി കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വര്‍ണ്ണം കടത്തിയെന്ന് ഇതുവരെ താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ശിവശങ്കനറിയാമെന്നും സ്വപ്‌ന പറഞ്ഞു.

‘ഒരുപാട് മാനസിക പീഡനങ്ങള്‍ ഏറ്റാണ് ഞാന്‍ കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷം ജയിലില്‍ കിടന്ന് വന്നത്. അനുഭവിച്ചത് അനുഭവിച്ചു, സമൂഹത്തില്‍ ഒരുപാട് ആളുകള്‍ മനസ്സിലാക്കാതെ പോകുന്ന കുറേ സത്യങ്ങളുണ്ട്. ഒരു സ്ത്രീയും മോശമല്ല. എല്ലാ സ്ത്രീക്കും ഒരു ഭൂതകാലമുണ്ട്. കല്യാണം എന്ന കയറ് പല പെണ്‍കുട്ടികള്‍ക്കും തൂക്കുകയറാണ്. വ്യക്തപരമായി എനിക്കും അങ്ങനെയാണുണ്ടായത്. കുഞ്ഞുങ്ങളുണ്ടാകുന്നതോടെ അവരെ വളര്‍ത്താന്‍ ജീവിതത്തില്‍ പല സര്‍ക്കസുകളും നടത്തേണ്ടി വരും.

ഒന്നിലേക്കും പോകേണ്ട, എല്ലാം അവസാനിപ്പിക്കാമെന്ന് ഞാനും അമ്മയും തീരുമാനമെടുത്തതായിരുന്നു. ഈ സമയത്താണ് ശിവശങ്കറിന്റെ പുസ്തകം വരുന്നത്. വ്യക്തിത്വത്തിന് ശിവശങ്കര്‍ വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ എല്ലാ കാര്യങ്ങളും അദ്ദേഹം എഴുതണമായിരുന്നു. എല്ലാം അതില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഒരു നിസാര ഐ ഫോണ്‍ നല്‍കിയതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. മനോവികാരങ്ങളെ കുറിച്ച്, ഞാനുമായി പങ്കുവെച്ച കാര്യങ്ങളെ കുറിച്ച്, എന്നെ അദ്ദേഹം എങ്ങനെ ഉപയോഗിച്ചു എന്നതിനെ കുറിച്ച് എല്ലാം എഴുതണമായിരുന്നു.

ചതിക്കാനാണെങ്കില്‍ എനിക്ക് ശിവശങ്കര്‍ സാറിനെ നിമിഷങ്ങള്‍ കൊണ്ട് ചതിക്കാമായിരുന്നു. ഒരുപാട് അവസരങ്ങളുണ്ടായിരുന്നു. കളവ് പറഞ്ഞുകൊണ്ടല്ല, സത്യംപറഞ്ഞുകൊണ്ട് തന്നെ ചതിക്കാമായിരുന്നു. ശിവശങ്കറും ഞാനും തമ്മിലുള്ള കാര്യങ്ങളെ കുറിച്ചെഴുതുകയാണെങ്കില്‍ അത് വലിയൊരു പുസ്തകമായിരിക്കും. അതിന് വേണ്ട ഒരു പോയിന്റുകളും ചിത്രങ്ങളും യഥാര്‍ഥ്യങ്ങളുമുണ്ട്.

എനിക്ക് ആരേയും ചെളിവാരി തേക്കാന്‍ താത്പര്യമില്ല. എന്നെ എറിഞ്ഞാല്‍, ഞാനും എറിയും. ഒരു ഐ ഫോണ്‍കൊണ്ട് ഒരാളെ ചതിക്കാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ?

ഞാന്‍ കുറച്ച് വ്യക്തിത്വമുള്ള ആളാണ്. ആരെയെങ്കിലും സാധനങ്ങള്‍ എടുത്ത് ശിവശങ്കറിന് പൊതിഞ്ഞു കൊടുക്കേണ്ട കാര്യം എനിക്കില്ല. അങ്ങനെയാണെങ്കില്‍ എന്റെ ജീവിതത്തില്‍ ഒന്നും ഞാന്‍ ശിവശങ്കറിന് വേണ്ടി ചെയ്തുകൊടുക്കില്ലായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ചെയ്തുനല്‍കിയിട്ടുണ്ട്.

എന്റെ സാഹചര്യങ്ങള്‍ ശിവശങ്കര്‍ ചൂഷണം ചെയ്തിട്ടുണ്ട്. ഞാനൊരു ഇരയാണ്. എന്റെ വികാരങ്ങളേയും ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തേയും അദ്ദേഹം അധിക്ഷേപിച്ചു.

ശിവശങ്കര്‍ സ്വര്‍ണ്ണം കടത്തിയെന്ന് ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറയുകയുമില്ല. ഒന്നും അദ്ദേഹത്തിന് അറിയില്ലേ എന്ന് ചോദിച്ചാല്‍, അദ്ദേഹവുമായി പരിചയപ്പെട്ടശേഷം എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും ശിവശങ്കറിനറിയാം. എല്ലാ കാര്യങ്ങളും തെളിയിക്കാനാകും.

എല്ലാ ദിവസവും ഞങ്ങള്‍ വിളിക്കാറുണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ അദ്ദേഹം വീട്ടില്‍ വരാറുണ്ടായിരുന്നു. എല്ലാം അറിയാമായിരുന്നു.

ശിവശങ്കറുമായി എങ്ങനെ ഇത്ര അടുത്തെന്ന് സത്യത്തില്‍ എനിക്കറിയില്ല. ഞാന്‍ ഊട്ടിയിലെ കുതിരയെ പോലെ അദ്ദേഹം പറയുന്നത് മുഴുവന്‍ അനുസരിക്കുകയായിരുന്നു. അദ്ദേഹത്തെ അത്രയും വിശ്വസിച്ചിരുന്നു. എന്റെ അമ്മ പോലും എല്ലാ കാര്യങ്ങളിലും ശിവശങ്കറിനോട് ഉപദേശം തേടാന്‍ ആവശ്യപ്പെടുമായിരുന്നു.

എനിക്കെന്റെ ഭര്‍ത്താവിനെ ആശ്രയിക്കാനാകുമായിരുന്നില്ല. അദ്ദേഹം ഒരിക്കലും എന്നെ പിന്തുണച്ചിരുന്നില്ല. എന്നെ ഉപയോഗിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്റെ പണം എല്ലാം പോയി എന്ന് കണ്ടപ്പോള്‍ എന്നെ വിട്ടുപോകുകയും ചെയ്തു.

കസ്റ്റഡിയില്‍ വെച്ച് ശിവശങ്കറിനെ കണ്ടപ്പോള്‍ എന്നെ അറിയാത്തപോലെയാണ് അദ്ദേഹം പെരുമാറിയത്. ശിവശങ്കര്‍ സഹായിക്കുമെന്ന് ഉറപ്പ് നല്‍കി കൊണ്ടാണ് വനിതാ പോലീസുകാരി എന്റെ ഫോണ്‍കോള്‍ റെക്കോര്‍ഡ് ചെയ്തത്. അവര്‍ പറഞ്ഞ തിരക്കഥയനുസരിച്ച് ഞാന്‍ സംസാരിക്കുകയായിരുന്നു’.

pathram:
Related Post
Leave a Comment