ഫോണുകള്‍ കോടതിക്ക് കൈമാറുമെന്ന് ദിലീപ്

കൊച്ചി: ഹൈക്കോടതി ഉത്തരവ് പ്രകാരം നടന്‍ ദിലീപിന്റെ ഫോണുകള്‍ കോടതിക്ക് കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. രണ്ട് ഫോണുകള്‍ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്. ഇവ വൈകിട്ടോടെ തിരിച്ചെത്തും. ആറ് ഫോണുകളും കോടതി ആവശ്യപ്പെട്ടതുപോലെ തിങ്കളാഴ്ച മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച 10.15-ന് മുന്‍പ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ് ഉപയോഗിച്ചിരുന്ന ഒരു ഫോണുമാണ് മുദ്രവെച്ച പെട്ടിയില്‍ കൈമാറേണ്ടത്.

മൊബൈലുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെ അവസാനനിമിഷംവരെ ദിലീപ് എതിര്‍ത്തിരുന്നു. ഫോണ്‍ കൈമാറാന്‍ തയ്യാറല്ലെങ്കില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നല്‍കിയിരിക്കുന്ന സംരക്ഷണം റദ്ദാക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിച്ചു. മൊബൈലുകള്‍ കൈമാറിയാല്‍ നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് വ്യാജ തെളിവ് ഉണ്ടാക്കുമെന്നതടക്കമുള്ള വാദങ്ങള്‍ ദിലീപ് ഉന്നയിച്ചെങ്കിലും കോടതി തള്ളി. മുംബൈയിലേക്ക് പരിശോധനയ്ക്കായി അയച്ച മൊബൈലുകള്‍ തിരികെക്കൊണ്ടുവരുന്നതിനായി ചൊവ്വാഴ്ചവരെ സമയം അനുവദിക്കണമെന്ന ആവശ്യവും നിഷേധിച്ചിരുന്നു. ആവശ്യമെങ്കില്‍ ദിലീപിന് സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം ദിലീപിന് നാല് ഫോണ്‍ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നതെങ്കിലും മൂന്ന് ഫോണ്‍ മാത്രമാണുള്ളതെന്നായിരുന്നു ദിലീപിന്റെ വാദം. നാലാമത്തെ ഫോണ്‍ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7