അഞ്ചുജില്ലകളിൽ ബ്ലാക്ക്‌ ഫംഗസ്‌ സാന്നിധ്യം; പ്രമേഹരോഗികളും ശ്രദ്ധിക്കണം

കോഴിക്കോട്: കോവിഡ് ബാധിതരിൽ അപൂർവമായി കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് രോഗബാധ (മ്യൂക്കോർ മൈക്കോസിസ്) കേരളത്തിൽ അഞ്ചു ജില്ലകളിലെ 13 പേർക്കുകൂടി റിപ്പോർട്ടുചെയ്തു.

പാലക്കാട് സ്വദേശി, മലപ്പുറം ജില്ലയിലെ എടവണ്ണ, വണ്ടൂർ, വഴിക്കടവ്, ചെറുവായൂർ, നിലമ്പൂർ കരുളായി, എടരിക്കോട്, തിരൂർ സ്വദേശികൾ, കോഴിക്കോട് ജില്ലയിലെ പയ്യാനക്കൽ, ഇരിങ്ങല്ലൂർ സ്വദേശികൾ, കോട്ടയം സ്വദേശികളായ മൂന്നുപേർക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിൽ രോഗബാധയെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. രോഗബാധ തലച്ചോറിലേക്ക് പകരാതിരിക്കാൻ മലപ്പുറം സ്വദേശിയുടെ ഒരു കണ്ണ് നീക്കംചെയ്യണ്ടിവന്നു.

ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകൾക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കിൽനിന്നും കറുപ്പുനിറത്തിലുള്ള ദ്രവം പുറത്തുവരുക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.

രണ്ടു കോഴിക്കോട് സ്വദേശികളും അഞ്ചു മലപ്പുറം സ്വദേശികളും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

തമിഴ്നാട് ഗൂഢല്ലൂർ സ്വദേശിനിയെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്നുപേർ ഉൾപ്പെടെ കഴിഞ്ഞ ഏഴുമാസത്തിനിടയിൽ കോറോണ ബാധിതരും അല്ലാത്തവരിലുമായി ഒമ്പതു പേർക്ക് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചു.

രോഗബാധിതയായ പാലക്കാട് സ്വദേശിനി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് ഗുരുതരമായ രീതിയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.

മലപ്പുറം ജില്ലയിലെ രണ്ടു രോഗികളും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല ബ്ലാക്ക് ഫംഗസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗബാധിതനായ ആൾക്ക് ആവശ്യമായ ചികിത്സയും സഹായവും നൽകാൻ ഭയപ്പെടാതെ മറ്റുള്ളവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രമേഹരോഗമുള്ളവരും കോവിഡ് ബാധിച്ച പ്രമേഹരോഗികളും പ്രത്യേക ശ്രദ്ധപുലർത്തണം. നിർദേശങ്ങൾക്കായി ഇ-സഞ്ജീവനി സോഫ്റ്റ്വേർ വഴി ഡോക്ടർമാരുമായി ബന്ധപ്പെടാം.

pathram desk 1:
Leave a Comment