പൊലീസ് സ്റ്റേഷനുകളിലും ക്യാംപുകളിലും കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം: ഊണും ഉറക്കവും മറന്ന് രാവും പകലും ഇവർ നമ്മളെ കാക്കുകയാണ്. ഇൻഷുറൻസ് പരിരക്ഷ പോലുമില്ലാതെ തെരുവിലും ക‍ണ്ടെയ്ൻമെന്റ് സോണുകളിലും രാപകൽ കാവൽ നിൽക്കുകയാണ് ഈ നിയമപാലകർ. കോവിഡ് ഡ്യൂട്ടിയിൽ നടുവൊടിഞ്ഞ് നിൽക്കുകയാണ് കേരള പൊലീസ് സേനാംഗങ്ങൾ. പൊലീസ് സ്റ്റേഷനുകളിലും ക്യാംപുകളിലും കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കൂടുമ്പോൾ, അമിത ജോലി ഭാരത്താൽ ഇവരിൽ പലരും കടുത്ത മാനസിക സമ്മർദത്തിലാണ്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് പൊലീസ് സ്റ്റേഷനുകളിലെ 90% പേരും കോവിഡ് പ്രതിരോധത്തിനും ബോധവൽക്കരണത്തിനുമായി നിയോ‍ഗിക്കപ്പെട്ടതോടെ സേനാംഗങ്ങൾക്ക് അമിത ജോലിഭാരമായി. ഇട‍വേളയില്ലാത്ത തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു പുറമേ, കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചതും അനുബന്ധ ഡ്യൂട്ടി‍കളും ഉദ്യോഗസ്ഥരെ കടുത്ത മാനസിക സമ്മർ‍ദത്തിലാക്കി. പൊലീസുകാർക്കിടയിൽ കോവിഡ് റിപ്പോർ‍ട്ട് ചെയ്യുന്ന സംഭവങ്ങളും വർധിച്ചു.

സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനുകളിലും പൊലീസുകാർക്കു കൂട്ടത്തോടെ കോവിഡ് ബാധിക്കുന്നുണ്ട്. എന്നാൽ, അടുത്ത സമ്പ‍ർക്കമുണ്ടെങ്കിലും സഹപ്ര‍വർത്തകർ ക്വാറന്റീനിൽ പോകാൻ കഴിയാതെ ഡ്യൂട്ടി ചെയ്യാൻ നിർബന്ധി‍തരാകേണ്ട സാഹചര്യമാണ്. രണ്ടാം തരംഗം രൂക്ഷമായതോടെ, സ്റ്റേഷനുകളിലെ ജി‍ഡി ചാർജ്(ജനറൽ ഡ്യൂട്ടി)ഉള്ള 2 ഉദ്യോഗസ്ഥരും പാറാവ് ഡ്യൂട്ടി ചെയ്യുന്ന 3 പേരും ഒഴി‍കെയുള്ളവർ കോവിഡ് പ്രതിരോധ – ബോധവ‍ൽക്കരണത്തിൽ ഏർ‍പ്പെടണമെന്നാണ് ഡിജിപിയുടെ നിർദേശം. 35,000 സേനാംഗങ്ങൾ ഇപ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃ‍തരാണ്. രണ്ടാം ഡോസ് വാക്സീനെടുത്ത പല ഉദ്യോഗസ്ഥരും വീണ്ടും കോവിഡ് പോസിറ്റീവായ ഒട്ടേറെ സംഭവങ്ങളുമുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് പൊലീസ് അക്കാദ‍മിയിലെയും ട്രെയിനിങ് കോളജിലെയും പൊലീസ് പരിശീലനവും നിർത്തി വച്ചിരിക്കുകയാണ്. കോവിഡിന്റെ ആദ്യ നാളുകളിൽ 10,000ത്തിൽപ്പരം ഉദ്യോഗസ്ഥർക്കാണ് രോഗം ബാധിച്ചത്.

കോവിഡ് ബാധിച്ചാൽ അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരെ ക്വാറന്റീനിൽ പോകാൻ നിർദേശിക്കണമെന്ന പ്രോട്ടോ‍കോൾ പലപ്പോഴും പൊലീസ് സ്റ്റേഷനുകളിൽ പാലിക്കപ്പെടാറില്ല. ആളില്ലാത്ത സ്ഥിതി ഒഴിവാക്കാൻ പലപ്പോഴും ക്വാറന്റീൻ അനുവദിക്കാ‍റുമില്ല. രണ്ടാം ഡോസ് വാക്സീനെടുക്കാത്തവർ ഇൗ മാസം 30‍നുള്ളിൽ എടുക്കണമെന്നാണ് ഡിജിപിയുടെ നിർദേശം. കോവിഡ് ഡ്യൂട്ടിക്കു പുറമേ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷാ ദൗത്യവും പൊലീസുകാരെ കാത്തിരിക്കുകയാണ്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തണമെന്നും ജോലി ഭാരം കുറയ്ക്കണമെന്നും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും സേനയ്ക്കുള്ളിൽനിന്നു ആവശ്യം ഉയർന്നിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്, ജീവൻ പണയപ്പെടുത്തി രാപകൽ ജോലി ചെയ്യുന്ന പൊലീസ് സേനാംഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി കൂടുതൽ ആനുകൂല്യം നൽകണമെന്ന ആവശ്യവും ശക്തമാണ്. കോവിഡ് പ്രതിരോധത്തിന്, എല്ലാ സർക്കാർ ഉദ്യോഗസ്ഥരെയും പോലെ പൊലീസുകാരുടെ ശമ്പളത്തിൽനിന്നു നിശ്ചിത തുക ഈടാ‍ക്കുന്നുണ്ട്. എന്നാൽ പൊലീസുകാർക്ക് ഇളവുകൾ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ്. ആരോഗ്യ പ്രവർത്തക‍ർക്കായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതി മാതൃകയിൽ പൊലീസുകാർക്കും ഇൻഷുറൻസ് ഏർപ്പെടുത്തണ‍മെന്നതും ആവശ്യമാണ്.

pathram desk 1:
Related Post
Leave a Comment