എയ്റോ ഇന്ത്യ ഷോയ്ക്ക് തിരശീല ഉയര്‍ന്നു

ബംഗളൂരു: രാജ്യത്തെ വ്യോമയാന, പ്രതിരോധ മേഖലകള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ വേദിയൊരുക്കുന്ന എയ്റോ ഇന്ത്യ 2021ന് തുടക്കം. ബംഗളൂരുവിലെ യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷന്‍ വേദിയൊരുക്കുന്ന വ്യോമ പ്രദര്‍ശനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി അഞ്ച് വരെ എയ്‌റോ ഇന്ത്യ ഷോ നീണ്ടുനില്‍ക്കും.

ഏഷ്യയിലെ ഏറ്റവും വലിയ സൈനിക, വ്യോമ പ്രദര്‍ശനമാണ് എയ്‌റോ ഇന്ത്യ ഷോ. കോവിഡ് സാഹചര്യം വിദേശ കമ്പനികളെ ഇക്കുറി ഷോയില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്. എങ്കിലും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളുടെ വ്യോമ പ്രദര്‍ശനം ഷോയുടെ സവിശേഷതകളാവും. വിമാനങ്ങളുടെ പ്രദര്‍ശനത്തില്‍ വ്യോമസേനയുടെ മേല്‍ക്കൈയ്ക്കാവും സാക്ഷ്യംവഹിക്കുക.

ഏകദേശം അറുന്നൂറോളം കമ്പനികള്‍ അവരുടെ ഉപകരണങ്ങള്‍ എയ്റോ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ 78 എണ്ണം വിദേശത്ത് നിന്നുള്ളവയാണ്. റഫാലിന്റെ നിര്‍മ്മാതാക്കളായ ദെസ്സോ, ബോയിംഗ്, ലോക്ക് ഹീഡ് മാര്‍ട്ടിന്‍ തുടങ്ങിയവ വ്യോമ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. എയ്‌റോ ഇന്ത്യ ഷോ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും സംഘടിപ്പിക്കുക. മാധ്യമപ്രവര്‍ത്തകര്‍ അടക്കം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment