കേന്ദ്ര നിര്‍ദേശം തള്ളി പോരിനുറച്ച് ശോഭ; വിഷയം അജൻഡയിലില്ലെന്ന് സുരേന്ദ്രൻ

കൊച്ചി : ബിജെപി സംസ്ഥാന നേതൃയോഗം ബഹിഷ്കരിച്ച് ശോഭ സുരേന്ദ്രൻ. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം തള്ളിയാണ് ശോഭയുടെ നിലപാട്. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നു യോഗത്തിനു മുൻപ് വ്യക്തമാക്കിയ പാർട്ടി പ്രഭാരി സി.പി.രാധാകൃഷ്ണൻ പിന്നീട് മാധ്യമങ്ങളെ കാണാതെ മടങ്ങി.

ശോഭയുടെ വിഷയം അജൻഡയിലേ ഇല്ലെന്ന സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ആവർത്തിച്ചുള്ള പ്രതികരണവും പാർട്ടിയിലെ ഭിന്നത ഒരിക്കൽകൂടി മറനീക്കി. സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുത്ത സി.പി.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ആദ്യ യോഗമാണ് കൊച്ചിയിൽ ചേർന്നത്. പാർട്ടിയിലെ ഭിന്നത മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായ പശ്ചാത്തലത്തിൽകൂടി ചേർന്ന യോഗത്തിലേക്കു ശോഭയെ ക്ഷണിച്ചിരുന്നു.

സി.പി.രാധാകൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്നും നിലവിലെ പ്രശ്നം സംസ്ഥാന നേതൃയോഗത്തിൽ പരിഹരിക്കാൻ കഴിയില്ലെന്നുമുള്ള നിലപാടിലാണ് ശോഭ. എന്നാൽ കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം അവഗണിച്ച് യോഗത്തിൽനിന്നു വിട്ടുനിന്നതിനു പിന്നാലെ, ശോഭ സുരേന്ദ്രൻ വിഷയം അജൻഡയിലേ ഇല്ലെന്ന് പ്രതികരിച്ച കെ.സുരേന്ദ്രൻ യോഗശേഷവും നിലപാട് ആവർത്തിച്ചു.

പാർട്ടിയിലെ പ്രശ്നങ്ങൾ മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റിനെതിരെ നിരന്തരം കേന്ദ്രത്തിന് കത്തയച്ച ശോഭ സുരേന്ദ്രന്‍ പലതവണ എതിര്‍പ്പ് പരസ്യമാക്കിക്കഴിഞ്ഞു. പ്രശ്ന പരിഹാരത്തിന് ദേശീയ തലത്തിൽ ചർച്ച വേണമെന്ന ആവശ്യമാണ് ശോഭ മുന്നോട്ടു വയ്ക്കുന്നത്. സംസ്ഥാന ട്രഷറർ ജെ.ആർ.പത്മകുമാറിന്റെ അഭാവവും യോഗത്തിൽ ശ്രദ്ധിക്കപ്പെട്ടു.

pathram desk 1:
Related Post
Leave a Comment