പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, തട്ടിയെടുത്ത് 18 പവൻ

നഗരൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും 18.5 പവൻ ആഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ കാമുകനും സഹായിയും അറസ്റ്റിൽ. ആലംകോട് മേവർക്കൽ പട്ട്ള നിസാർമൻസിലിൽ അൽനാഫി (18), എറണാകുളം കോതമംഗലം പനന്താനത്ത് വീട്ടിൽ സോണി ജോർജ്(23) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഇനി 12 പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സമരത്തിൽ പങ്കെടുത്ത സോണി ജോർജ് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്ത കേസിൽ 2 മാസം മുൻപ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൊലീസ് പറഞ്ഞതിങ്ങനെ: 6 മാസമായി പ്രണയം നടിച്ച് കടലുകാണി അടക്കമുള്ള സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു. തട്ടിയെടുത്ത സ്വർണത്തിൽ 9 പവൻ വഞ്ചിയൂരിലെ സുഹൃത്തുക്കളുമായി ചേർന്ന് വിറ്റ് ബൈക്കും മൊബൈൽ ഫോണും വാങ്ങി. ശേഷിക്കുന്ന 9.5 പവനുമായി കാമുകനും സുഹൃത്തുക്കളും കൂടി എറണാകുളത്ത് പോയി സോണി ജോർജിനെ പരിചയപ്പെട്ടു. പോക്സോ കേസിലെ പ്രതിയാണെന്ന് അറിഞ്ഞിട്ടും സോണി ഇവർക്ക് വാടക വീട് എടുത്തു നൽകി. സ്വർണം വിൽക്കുവാനും പണയം വയ്ക്കാനും സഹായിച്ചു.

സഹോദരിയുടെ ആഭരണങ്ങളാണ് പെൺകുട്ടി കാമുകനു നൽകിയത്. ആഭരണങ്ങൾ കാണാതെ വന്നപ്പോൾ മാതാവ് പൊലീസിൽ പരാതി നൽകി. ചോദ്യം ചെയ്യലിൽ പീഡനവും സ്വർണം കാമുകനു നൽകിയതും പെൺകുട്ടി സമ്മതിച്ചു. ജൂൺ, ജൂലൈ മാസങ്ങളിലാണ് സംഭവം നടന്നത്. പീഡനക്കേസിൽ അൽനാഫി മാത്രമാണ് പ്രതി, സ്വർണം വിൽക്കാനും പണയം വയ്ക്കാനും സഹായിച്ചതാണു 14 പേർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത്.

നഗരൂർ പൊലീസ് ഇൻസ്പെക്ടർ എം.സാഹിൽ, എഎസ്ഐമാരായ അനിൽകുമാർ, സലിം, അനുപമ, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐ: ഫിറോസ്ഖാൻ, എഎസ്ഐമാരായ ബി.ദിലീപ്, ആർ.ബിജുകുമാർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7