കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയെന്ന് നഴ്‌സിങ് ഓഫിസറുടെ വെളിപ്പെടുത്തല്‍

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയെന്ന് വെളിപ്പെടുത്തി നഴ്‌സിങ് ഓഫിസറുടെ ശബ്ദ സന്ദേശം. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നിയമനടപടിക്കൊരുങ്ങുകയാണ്.

ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി. എന്നാല്‍, വാര്‍ഡുകളില്‍ ഉത്തരവാദിത്തത്തോടെ പെരുമാറാത്ത ചില നഴ്‌സുമാരുണ്ടെന്നും അവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഇത്തരമൊരു ശബ്ദ സന്ദേശം നല്‍കിയതെന്നുമാണ് നഴ്‌സിങ് ഓഫിസര്‍ ജലജാദേവിയുടെ വിശദീകരണം.

കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി നഴ്‌സുമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ നഴ്‌സിങ് ഓഫിസര്‍ കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. ഇതിന്റെ ഒടുവിലായാണ് മരണങ്ങളെക്കുറിച്ചുള്ള പരാമര്‍ശം. അശ്രദ്ധകാരണം പല രോഗികളുടെയും ജീവന്‍ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. ജൂലൈ 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണെന്നും സന്ദേശത്തില്‍ പറയുന്നു.

ഹാരിസിന്റെ മരണത്തില്‍ സംശയമുണ്ടായിരുന്നതായും ആശുപത്രി അധികൃതരുടെ പിഴവാണ് മരണകാരണമെന്ന് ഇപ്പോള്‍ വ്യക്തമായെന്നും സഹോദരി സൈനബ പറഞ്ഞു. അഞ്ചു സഹോദരിമാരുടെ ഏക സഹോദരനാണ് ഹാരിസ്. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

pathram:
Related Post
Leave a Comment