ശിവശങ്കര്‍ ഇന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും.. കൂടുതല്‍ തയ്യാറെടുപ്പോടെ കസ്റ്റസും

തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ആശുപത്രിയിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും. ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയാറെടുപ്പിലാണ് കസ്റ്റംസും. ശിവശങ്കറിന് ചികിത്സ തുടരണോയെന്നു നിശ്ചയിക്കുന്ന നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ചേരും.

നടുവിനും കഴുത്തിനും വേദനയെന്നു പറഞ്ഞ ശിവശങ്കറിനെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയെങ്കിലും ഗുരുതര പ്രശ്‌നങ്ങള്‍ കാണാത്തതിനാല്‍ വിശ്രമം നിര്‍ദേശിച്ച് ഡിസ്ചാര്‍ജ് ചെയ്‌തേക്കും. അങ്ങനെയെങ്കില്‍ അറസ്റ്റാണ് കസ്റ്റംസിന്റെ ലക്ഷ്യമെങ്കില്‍ അതിന് തടസമുണ്ടാകില്ല. അതുകൊണ്ടു തന്നെ അറസ്റ്റ് തടയാനായി മെഡിക്കല്‍ ബോര്‍ഡിന് മുന്‍പ് തന്നെ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും.

ജാമ്യാപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചാല്‍ കടുത്ത നടപടികള്‍ ഒഴിവാക്കുന്നതാണ് അന്വേഷണ സംഘങ്ങളുടെ കീഴ്വഴക്കം. ശിവശങ്കറിന്റെ ഈ നീക്കങ്ങള്‍ക്ക് തടയിടാന്‍ കസ്റ്റംസ് എന്തു ചെയ്യുമെന്നതാണ് മറ്റൊരു ചോദ്യം. ജാമ്യാപേക്ഷ സമര്‍പ്പിക്കും മുന്‍പ് തന്നെ ശിവശങ്കറിനെ പ്രതി ചേര്‍ത്തോ, പങ്ക് വ്യക്തമാണെന്ന് കാണിച്ചോ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയാണ് സാധ്യമായ മാര്‍ഗങ്ങളിലൊന്ന്.

എന്നാല്‍ അതിന് മാത്രം ശക്തമായ എന്ത് തെളിവാണ് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കേണ്ടിവരും. റിപ്പോര്‍ട്ട് നല്‍കാതെയും അറസ്റ്റ് ചെയ്യാതെയും ഇരുന്നാല്‍ എന്തിനാണ് മൂന്ന് ദിവസമായി ആശുപത്രിയിലടക്കം നാടകീയ നീക്കങ്ങള്‍ നടത്തിയത് എന്ന ചോദ്യത്തിന് കസ്റ്റംസ് ഉത്തരം പറയേണ്ടിവരും

Similar Articles

Comments

Advertismentspot_img

Most Popular