തിരുവനന്തപുരം: നല്ലൊരു വാഗ്ദാനവുമായി ബിജെപി വരുന്നതും കാത്തിരിക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിമുടി ബിജെപിയാകാന്‍ കാത്തിരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റി. അങ്ങനെയുള്ള ഒരു പാര്‍ട്ടിയെ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷത്തിന് അവരില്‍ തന്നെ അവിശ്വാസം വന്നിട്ടുണ്ട്. ഘടകകക്ഷികള്‍ക്കിടയില്‍ യുഡിഎഫിനകത്ത് ബന്ധം ശിഥിലമാകുന്നു. വിശ്വാസ്യ യോഗ്യമായ ഒരു കാര്യംപോലും അവതരിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വന്തം അണികളില്‍ നിന്ന് നേതൃത്വത്തിന്റെ കഴിവിലുള്ള അവിശ്വാസം ശക്തമായി വരുന്നുണ്ട്. അതും ഇതിന് അടിസ്ഥാനമാമണ്. യുഡിഎഫിനുള്ളിലെ അസ്വസ്ഥത മറയിടാനുള്ള ശ്രമമാണൊ അവിശ്വാസപ്രമേയമെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ ഈ സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസം വര്‍ധിച്ചുവരുന്നു. 91 സീറ്റുള്ള സര്‍ക്കാരിനിപ്പോള്‍ 93 സീറ്റായത് ജനവിശ്വാസം ഉയര്‍ന്നതിന് തെളിവാണ്. വികസനം മുരടിച്ചുപോകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു യുഡിഎഫിന്. ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നവരില്‍ യുഡിഎഫിന് വിശ്വാസമില്ല. 135 വയസ് തികയുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ അടിത്തറക്ക് മീതേ മേല്‍ക്കൂര നിലംപൊത്തിയ നിലയിലാണ്. ഇത്രയും വെല്ലുവിളി രാജ്യം നേരിടുന്ന ഘട്ടത്തിലാണ് സ്വന്തം നേതാവിനെ തിരഞ്ഞെടുക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയത്. അത് ദയനീയ അവസ്ഥയാണ്. അതിന്റെ പേരില്‍ തമ്മിലടിക്കുന്നു.
ഇത്രയും പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ എന്തുകൊണ്ടാണ് നേതാക്കള്‍ മടിച്ചുനില്‍ക്കുന്നത്. കേരളത്തിലെ നേതാക്കളും രണ്ടു പക്ഷമാണ്. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിച്ചത് കേരളത്തിലെ നേതാക്കള്‍ കാട്ടിയ മണ്ടത്തരമാണെന്നാണ് ഇപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അന്നേ ഇടതുപക്ഷം ഇത് ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യം നേരിടുന്ന ഏതെങ്കിലും പ്രശ്‌നത്തില്‍ ഒന്നിച്ചൊരു നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ല. അയോധ്യ ക്ഷേത്ര നിര്‍മാണം സര്‍ക്കാര്‍ പരിപാടിയാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പിന്നണി പാടി. സ്വന്തംകാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയവുമായി ഇറങ്ങിതിരിച്ചിരിക്കുന്നതെന്നും പിണറായി പറഞ്ഞു.
‘മതനിരപേക്ഷത സംരക്ഷിക്കാനും സംശുദ്ധമായ ഒരു ഭരണം കാഴ്ചവെക്കാനുമാണ് ജനം വിധിയെഴുതിയത്. അതോടൊപ്പം സമകാലിക പ്രശ്‌നങ്ങളെ കുറിച്ച് എല്‍ഡിഎഫിനുള്ള വ്യക്തമായ കാഴ്ചപാടിനുള്ള വിശ്വാസംകൂടിയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ജനവിധി. ജനങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം, അവിശ്വാസമായി മാറാന്‍ എന്തെങ്കിലും ഇവിടെ സംഭവിച്ചിട്ടുണ്ടോ…ഇതാണ് പരിശോധിക്കേണ്ടത്. നമ്മുടെ സംസ്ഥാനം താഴ്ന്ന പ്രതിശീര്‍ഷ വരുമാനം ഉള്ളപ്പോള്‍ തന്നെ വളരെ ഉയര്‍ന്ന മാനവശേഷി വികസന സൂചിക കൈവരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും ജീവിത ഗുണനിലവാരത്തിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്. ഈ മാതൃകയാണ് കേരളത്തിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ശിച്ചത്. നവോത്ഥാന പാരമ്പര്യവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ഇടപെടലുമാണ് ഇതിന്റെ പിന്നില്‍’ മുഖ്യമന്ത്രി പറഞ്ഞു.
Leave a Comment