ആറ് മാസത്തിനുള്ളില്‍ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍; അതുവരെ സോണിയ തുടരും

ന്യൂഡൽഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടർന്നേക്കും. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും വരെ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ആറു മാസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ കണ്ടെത്താമെന്നാണ് ധാരണ. ഇതിനായി എഐസിസി സമ്മേളനം വിളിച്ചുകൂട്ടും. അധ്യക്ഷപദം സംബന്ധിച്ച ചർച്ചയ്ക്കായി ഡൽഹിയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിനു പിന്നാലെയാണ് ഈ ആറു മാസ കാലയളവിൽ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരട്ടെയെന്ന തീരുമാനം.

നേരത്തെ, പാർട്ടിക്ക് സ്ഥിരം അധ്യക്ഷനെ വേണമെന്ന് ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്ക് നൽകിയ കത്തിനെച്ചൊല്ലി പ്രവർത്തക സമിതി യോഗത്തിൽ വാക്പോര് ഉടലെടുത്തിരുന്നു. കത്ത് എഴുതിയവർ ബിജെപിയുമായി കൂട്ടുകൂടുന്നവരാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞെന്ന വെളിപ്പെടുത്തൽ ഇതിന്റെ രൂക്ഷത വർധിപ്പിച്ചു. ബിജെപിയുമായി കൂട്ടുകൂടിയെന്ന് തെളിയിച്ചാൽ പാർട്ടിയിൽനിന്ന് രാജിവയ്ക്കാമെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദും നിലപാടെടുത്തതായി റിപ്പോർട്ടുണ്ടായിരുന്നു.

ഇതിനിടെ രാഹുലിന്റെ പേരെടുത്തു പറഞ്ഞ് കപിൽ സിബൽ നടത്തിയ ട്വീറ്റ് പ്രശ്നം ആളിക്കത്തിച്ചു. പിന്നീട് രാഹുൽ ഗാന്ധി നേരിട്ട് വിളിച്ച് സംസാരിച്ചതോടെ അദ്ദേഹം ഈ ട്വീറ്റ് നീക്കം ചെയ്തു. ഏഴു മണിക്കൂറോളം നീണ്ട യോഗത്തിനൊടുവിലാണ് ആറു മാസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ കണ്ടെത്താമെന്ന് തീരുമാനിച്ചത്.

pathram:
Related Post
Leave a Comment