ടെസ്റ്റുകള്‍ ഇനിയും കൂട്ടണം, അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം: ഐഎംഎ

കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ അതീവ ജാഗ്രതയും കര്‍ശന നടപടികളും കൈക്കൊള്ളേണ്ട സമയമാണിത്. ഐ.എം.എ. കേരള സംസ്ഥാന ശാഖ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍:

1. ടെസ്റ്റുകള്‍: ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് രോഗബാധിതരെ തിരിച്ചറിയുന്നു, പോസിറ്റിവ് കേസുകളും കൂടുന്നു. അതുകൊണ്ടു തന്നെ ക്ലസ്റ്ററുകളിലും ക്ലസ്റ്റര്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ടെസ്റ്റുകള്‍ നടത്തി രോഗബാധിതരെ തിരിച്ചറിഞ്ഞ് മാറ്റി നിര്‍ത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. രോഗവ്യാപനം നിയന്ത്രിക്കാന്‍ ഇത് കൂടിയേ തീരൂ. സെന്ററിനല്‍ സര്‍വ്വേ ടെസ്റ്റുകളും എപിഡെമിയൊളജിക്കല്‍ സര്‍വ്വേകളും കൂടുതലായി ചെയ്യേണ്ടതും ആവശ്യമാണ്. ടെസ്റ്റ്-ഐസോലേറ്റ്-ട്രീറ്റ് എന്ന രീതിക്കായി പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണം.

2. വീടുകളിലെ നിരീക്ഷണം: ലക്ഷണങ്ങള്‍ ഇല്ലാത്ത, ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ള പോസിറ്റിവ് ആയ രോഗികളെ വീടുകളില്‍ തന്നെ നിരീക്ഷിക്കാന്‍ വിടുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണ്ട കാര്യങ്ങളാണ് പ്രധാനം. അവര്‍ സമ്പര്‍ക്ക വിലക്ക് കൃത്യമായി അനുസരിക്കുന്നു എന്ന് ഉറപ്പു വരുത്തണം. ഹോം ക്വാറന്റൈന്‍ വേണ്ടത്ര ഫലിക്കാതെ രോഗവ്യാപനം കൂടുന്ന സാഹചര്യവും ഉണ്ടായി എന്ന് നാം ഓര്‍ക്കണം. അത്തരം രോഗികളില്‍ രോഗം വര്‍ദ്ധിക്കുന്ന – B / C സ്റ്റേജിലേക്ക് – അവസ്ഥ പെട്ടെന്ന് തിരിച്ചറിയാനും അവരെ ആശുപത്രികളിലേക്ക് ഉടനടി മാറ്റാനും ഉള്ള സംവിധാനം സദാ സജ്ജമായിരിക്കണം. ഒരു പക്ഷെ, വീടുകളില്‍ സൗകര്യമില്ലാത്ത ഇത്തരം രോഗികള്‍ക്ക് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആയിരിക്കും സുരക്ഷിതം.

3. വേതനം: ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന പ്രൈവറ്റ് ഡോക്ടര്‍മാരൂടെ വേതനം സര്‍ക്കാര്‍ ഉറപ്പു വരുത്തണം. ആഴ്ചകള്‍ ഡ്യൂട്ടി എടുത്തവര്‍ക്ക് വേതനം ലഭിച്ചിട്ടില്ല എന്ന പരാതി ഉയരുന്നുണ്ട്. ഇത് ഈ രംഗത്തേക്ക് വരാന്‍ തയ്യാറാവുന്ന ഡോക്ടര്‍മാരെ പിന്തിരിപ്പിക്കും. വേതനവും റിസ്‌ക് അലവന്‍സും കൃത്യമായി ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തണം. രോഗികള്‍ ഇനിയും കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകരാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

സര്‍ക്കാര്‍ ഏറ്റെടുത്ത് കോവിഡ് ആശുപത്രി ആക്കിയ ചില സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ സ്റ്റാഫിന് അഞ്ച് മാസത്തോളമായി വേതനം ലഭിച്ചിട്ടില്ല എന്ന വസ്തുത പ്രതിഷേധാര്‍ഹമാണ്. അവരുടെ സേവനം എടുക്കാതെ, അവരെ തൊഴില്‍ രഹിതരാക്കിയ സര്‍ക്കാര്‍ നടപടിയെ നിശിതമായി വിമര്‍ശിക്കാതെ തരമില്ല. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ജോലിക്കാരുടെ കാര്യത്തില്‍ സത്വര നടപടികള്‍ ഉണ്ടായേ തീരൂ.

4. തിരഞ്ഞെടുപ്പ് പ്രക്രിയ: ആസന്നമായ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ ഈ മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടത്തുന്നത് രോഗ വ്യാപനം കൂട്ടാന്‍ കാരണമായേക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ കോവിഡ് നിബന്ധനകള്‍ക്ക് വിധേയമായി നടത്താം എന്നിരിക്കിലും തിരഞ്ഞെടുപ്പ് പ്രചരണം രോഗവ്യാപനം ക്രമാതീതമായി വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയമില്ല. പാര്‍ട്ടികളുടെ പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്ന് രോഗവ്യാപനത്തില്‍ വര്‍ദ്ധന ഉണ്ടായതും നാം കണ്ടതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാ വശങ്ങളും അപഗ്രഥിച്ച് കൊണ്ടു മാത്രമേ തീരുമാനങ്ങള്‍ എടുക്കാവൂ. തിരഞ്ഞെടുപ്പ് അല്പം കൂടി നീട്ടി വെക്കുന്നതാവും ഉത്തമം.

5. ഓണാഘോഷം: വ്യത്യസ്തമായ രീതിയില്‍ ഈ വര്‍ഷം ഓണം ആഘോഷിക്കേണ്ടി വരും. ഓണച്ചന്തകളിലും മാര്‍ക്കറ്റുകളിലും കടകളിലും എല്ലാം ആളുകള്‍ കൂട്ടംകൂടുന്നത് തടയേണ്ടതും തിരക്ക് ഒഴിവാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. കോവിഡ് നിബന്ധനകള്‍ കൃത്യമായി പാലിക്കണമെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ചെറിയ അശ്രദ്ധ പോലും രോഗവ്യാപനം രൂക്ഷമാക്കും. ആഘോഷങ്ങള്‍ വീടുകളിലേക്ക് ഒതുങ്ങണം. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ ആരോഗ്യശുശ്രൂഷാ രംഗവും ആരോഗ്യ പ്രവര്‍ത്തകരും തളരുന്ന അവസ്ഥ സ്ഥിതിഗതികള്‍ ഭയാനകവും ദാരുണവും ആക്കും, പിന്നീട് പാശ്ചാത്തപിക്കേണ്ട അവസ്ഥ വരരുത്. അതീവ ജാഗ്രത പുലര്‍ത്തിയേ തീരൂ.

6. ഡാറ്റ പങ്കുവെക്കല്‍: ഇതുവരെ ചികിത്സിച്ചു ഭേദമായ രോഗികളുടെ രോഗാവസ്ഥയും ചികിത്സയും സംബന്ധിച്ച ഡാറ്റ അനാലിസിസ് ഡോക്ടര്‍മാരുമായി പങ്കു വയ്ക്കണം. ആദ്യ അഞ്ഞൂറ് പേരുടെ അനാലിസിസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ട് മാസങ്ങളായി. ശേഷമുള്ള വിശകലനവും ഉടനടി ലഭ്യമാക്കണം.

7. അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുക: പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ എന്ന പേരില്‍ അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം ഇനിയും തിരുത്തിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ കാത്തിരിക്കുന്നു എന്നും ഐ.എം.എ. മുന്നറിയിപ്പ് നല്‍കുന്നു.

മഹാമാരികളെ ശാസ്ത്രീയമായി നേരിടണം. അശ്രദ്ധയും അലംഭാവവും ഉണ്ടാവരുത്. ഒറ്റക്കെട്ടായി നമുക്ക് പോരാടാം.

pathram desk 2:
Related Post
Leave a Comment