ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ്; വിലക്കുള്ള സാധനമില്ല; ഓപ്പറേഷന്‍ ‘കിറ്റ് ക്ലീൻ’

സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലൻസ്. ഓണക്കിറ്റില്‍ 500 രൂപയ്ക്കുള്ള സാധനങ്ങളില്ലെന്ന് വിജിലൻസ് കണ്ടെത്തല്‍. ശര്‍ക്കരയുടെ തൂക്കത്തില്‍ കുറവുണ്ട്. പലസാധനങ്ങളിലും ഉല്‍പാദന തീയതിയും കാലാവധിയും രേഖപ്പെടുത്തിയില്ലെന്നും ‘ഓപ്പറേഷന്‍ കിറ്റ് ക്ലീന്‍’ പരിശോധനയിൽ കണ്ടെത്തൽ. ഉല്‍പന്നങ്ങളുടെ തൂക്കക്കുറവ് പുറത്തുവിട്ടത് മനോരമ ന്യൂസാണ്.

കിറ്റില്‍ നല്‍കുന്ന പതിനൊന്ന് ഇനങ്ങള്‍ പൊതുവിപണിയില്‍ പോയി വാങ്ങിയാലും ഇത്രയും തുക ആകില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. അഞ്ഞൂറ് രൂപയെന്നത് ഏകദേശ കണക്കാണെന്നാണ് സപ്ലൈകോയുടെ വിശദീകരണം. സപ്ലൈകോ സര്‍ക്കാരിലേക്ക് നല്‍കിയ കണക്കിലും പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പടെ ഒരു കിറ്റിന് ചെലവ് അഞ്ഞൂറ് രൂപ. ഇതേ പതിനൊന്ന് സാധനങ്ങള്‍ സപ്ലൈകോ ഒൗട്ട്ലറ്റില്‍ നേരിട്ട് പോയി വാങ്ങുക. ആകെ ചെലവാകുന്നത് 357രൂപ. ഇരുപത് രൂപയുടെ തുണിസഞ്ചിയും അഞ്ചുരൂപ കിറ്റിന്റെ പായ്ക്കിങ് ചാര്‍ജും കൂടി കൂട്ടിയാല്‍പോലും ആകെ 382 രൂപയേ ആകൂ.

പൊതുവിപണിയിലേയും കണക്കെടുത്തു. മുന്തിയ ബ്രാന്‍ഡുകള്‍ നോക്കി വാങ്ങിയാല്‍ പോലും അഞ്ഞൂറ് രൂപ വരുന്നില്ല. ശരിക്കും ഇത്രയും സാധനങ്ങള്‍ ഇ ടെന്‍ഡര്‍ വഴി വാങ്ങാന്‍ സപ്ലൈകോയ്ക്ക് എത്രരൂപ ചെലവായി. പല വിതരണക്കാരില്‍ നിന്ന് പല വിലയ്ക്ക് വാങ്ങിയതിനാല്‍ ഒാരോന്നിന്റേയും ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി കണക്കാക്കി നോക്കി. ആകെ ചെലവ് 337രൂപ 18 പൈസ മാത്രം

കിറ്റൊന്നിന് അഞ്ചുരൂപ പായ്ക്കിങ് ചാര്‍ജ് കൂടി കൂട്ടിയാല്‍പോലും ഒരു കിറ്റിന് ചെലവ് 342.18 രൂപയേ ചെലവ് വന്നിട്ടുള്ളു. അതായത് പറഞ്ഞതിേനക്കാള്‍ നൂറ് മുതല്‍ 150 രൂപവരെ കുറവ്. സാധനങ്ങള്‍ വില കുറച്ച് കിട്ടിയത് കുറ്റമാണോയെന്ന് വാദിക്കുന്നവര്‍ ഗുണനിലവാരം കൂടി പരിശോധിച്ചാല്‍ നല്ലത്.

എണ്‍പത്തിയെട്ട് ലക്ഷം കുടുംബങ്ങള്‍ക്ക് ഒാണക്കിറ്റ് നല്‍കുന്നതിന് പിന്നിലെ പ്രയത്നത്തെ ഇകഴ്ത്തിക്കാണിക്കാനല്ല ഈ കണക്ക്. കിറ്റിന്റെ യഥാര്‍ഥ വില ജനങ്ങളെ ബോധ്യപ്പെടുത്തിയെന്ന് മാത്രം.

pathram desk 1:
Related Post
Leave a Comment