27 ശതമാനം വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാവുന്നില്ലെന്ന് എന്‍സിഇആര്‍ടി സര്‍വെ

ന്യൂഡൽഹി: രാജ്യത്തെ 27 ശതമാനം വിദ്യാർഥികൾക്കും ലാപ്ടോപ്പോ മൊബൈൽ ഫോണോ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാകുന്നില്ലെന്ന് എൻസിഇആർടി സർവെ. വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന് തടസമാകുന്നതെന്ന് സർവെയിൽ പങ്കെടുത്ത 28 ശതമാനം പേർ അഭിപ്രായപ്പെട്ടു. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിലെയും സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിലെയും വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ 34,000 പേർക്കിടയിലാണ് സർവെ നടത്തിയത്.

ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാഭ്യാസത്തിനായി എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തതും ഓൺലൈൻ അധ്യാപനരീതി അധ്യാപകർക്ക് പരിചയമില്ലാത്തും വിദ്യാർഥികളുടെ പഠനത്തിന് തടസമാകുന്നതായി സർവെയിൽ പങ്കെടുത്ത ഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് പഠനത്തിനായി ഏറ്റവും കൂടുതൽപേർ ഉപയോഗിച്ചത് സ്മാർട്ട്ഫോണാണ്. രണ്ടാമത് ലാപ്ടോപ്പും. ടെലിവിഷൻ പഠനത്തിനായി പ്രയോജനപ്പെടുത്തിയവരുടെ എണ്ണം വളരെ കുറവാണെന്നും സർവെ ചൂണ്ടിക്കാണിക്കുന്നു.

സർവെയിൽ പങ്കെടുത്ത 36 ശതമാനം വിദ്യാർഥികളും പാഠപുസ്തകങ്ങൾ പഠനത്തിനായി ഉപയോഗപ്പെടുത്തി. എന്നാൽ പകുതിയിലേറെപ്പേർക്കും പാഠപുസ്തകങ്ങൾ ലഭ്യമല്ല. എൻസിഇആർടി വെബ്സൈറ്റ് വഴി സോഫ്റ്റ് കോപ്പി ലഭ്യമാണെങ്കിലും ഇത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അറിയാത്തവരാണ് കൂടുതലുമെന്ന് സർവെ വ്യക്തമാക്കുന്നു.

ഓൺലൈൻ ക്ലാസുകളിൽ പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ വിഷയം ഗണിതമാണെന്ന് ഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടു. പ്രായോഗിക പരീക്ഷണങ്ങളിലൂടെ മനസിലാക്കേണ്ട ശാസ്ത്ര വിഷയങ്ങളും പഠിക്കാൻ ബുദ്ധിമുട്ടാണ്. ഓൺലൈനായി ഭാഷാ വിഷയങ്ങൾ പഠിക്കാൻ എളുപ്പമല്ലെന്ന് 17 ശതമാനംപേർ പ്രതികരിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മധ്യത്തോടെ രാജ്യത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ട നിലയിലാണ്. പിന്നീട് ജൂൺ മാസത്തോടെ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് എൻസിഇആർടിയുടെ സർവെ ഫലം.

Similar Articles

Comments

Advertismentspot_img

Most Popular