7.29ന് വിരമിക്കുന്നു എന്ന് ധോണി വെറുതേ പറഞ്ഞതല്ല; അതിനൊരു പ്രത്യേകതയുണ്ട്… ഒരിക്കലും മറക്കാത്ത നിമിഷം

എംഎസ് ധോണി രാജ്യാന്തര കരിയറിൽ നിന്ന് ധോണി വിരമിക്കാൻ തെരഞ്ഞെടുത്ത സമയം ഒരു ചോദ്യചിഹ്നമായി ഉയർന്നു. എന്തുകൊണ്ട് 7.29? എന്താണ് ആ സമയത്തിൻ്റെ പ്രത്യേകത?

ധോണി അവസാനമായി കളിച്ച രാജ്യാന്തര മത്സരം ന്യൂസീലൻഡിനെതിരായ ലോകകപ്പ് സെമിഫൈനലായിരുന്നു. മത്സരത്തിൽ ഇന്ത്യ 18 റൺസിന് പരാജയപ്പെട്ടു. എംഎസ് ധോണിയാവട്ടെ, ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിക്കാതെ കൃത്യം 50 റൺസെടുത്ത് പുറത്തായി. മാർട്ടിൻ ഗുപ്റ്റിലിൻ്റെ ഒരു റോക്കറ്റ് ത്രോ കുറ്റി തെറിപ്പിക്കുമ്പോൾ ധോണിയുടെ ബാറ്റ് ക്രീസിൽ നിന്ന് 2 ഇഞ്ച് മാത്രം അകലെയായിരുന്നു. ന്യൂസീലൻഡിൻ്റെ 239 റൺസിനു മറുപടിയുമായി ഇറങ്ങിയ ഇന്ത്യ 221 റൺസിനു പുറത്തായി. അവസാന വിക്കറ്റായി യുസ്‌വേന്ദ്ര ചഹാൽ പുറത്താകുമ്പോൾ ക്ലോക്കിൽ സമയം 7.29! അതെ, ജീവിതകാലം മുഴുവൻ വേദനയാകുന്ന ആ നിമിഷം സംഭവിച്ച സമയമാണ് ധോണി തൻ്റെ കരിയർ അവസാനിപ്പിച്ചത്. കോലാഹലങ്ങളോ നാടകീയതയോ ഇല്ല. നിശബ്ദതയോടെ ധോണി പാഡഴിച്ചു. ‘19:29 മണി മുതൽ ഞാൻ വിരമിച്ചതായി കരുതുക’- ധോണി കുറിച്ചു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കൽ തീരുമാനം അറിയിച്ചത്. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു. ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിലാണ് ധോണി നിലവില്‍. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ധോണി വിരമിച്ചതിനു പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചു.

pathram:
Related Post
Leave a Comment