വാക്‌സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കാം; മുന്നറിയിപ്പ്

കൊവിഡിനെതിരായ റഷ്യയുടെ വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യാനിരിക്കെ മുന്നറിയിപ്പുമായി പ്രമുഖ വൈറോളജിസ്റ്റ്. വാക്‌സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കാമെന്നാണ് റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരിൽ ഒരാളായ അലക്‌സാണ്ടർ ഷെപ്യൂനോവ് പറയുന്നത്. ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വർപ്പിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിർദിഷ്ട വാക്‌സിൻ ഏതുതരം ആന്റിബോഡികളാണ് ഉത്പാദിപ്പിക്കുന്നതെന്ന് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്‌സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാത്തതിലെ ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. വാക്‌സിൻ സംബന്ധിച്ച് ചില സയന്റിഫിക് പബ്ലിക്കേഷൻസ് പുറത്തുവിട്ട പഠനങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ വാക്‌സിൻ പ്രയോഗിക്കുന്നതിന് ഉതകുന്ന കാര്യങ്ങളല്ല പഠനങ്ങളിൽ പറയുന്നതെന്നും അലക്‌സാണ്ടർ ഷെപ്യൂനോവ് പറയുന്നു. റഷ്യയുടെ വാക്‌സിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു. ധൃതിയേക്കാൾ നടപടിക്രമം പൂർണമായി പാലിക്കുന്നതിലാകണം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിനാണ് നാളെ രജിസ്റ്റർ ചെയ്യുന്നത്. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിൻ ഓഗസ്റ്റ് 12 ന് പുറത്തിറക്കുമെന്ന് ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഒലേഗ് ഗ്രിൻദേവാണ് അറിയിച്ചത്. വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. ബുർദെൻകോ മെയിൻ മിലിറ്ററി ക്ലിനിക്കൽ ആശുപത്രിയിലായിരുന്നു പരിശോധന. പരിശോധനയിൽ വാക്സിൻ ലഭിച്ചവർക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിൻ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

pathram desk 1:
Leave a Comment