പെട്ടിമുടി ദുരന്തം: 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 42 ആയി

മൂന്നാര്‍: ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 16 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ശനിയാഴ്ച 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.

കേന്ദ്രമന്ത്രി വി. മുരളീധരന്‍, വനംമന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷാഫി പറമ്പില്‍ എം.എല്‍.എ., ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പെട്ടിമലയിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇടുക്കി എം പി. ഡീന്‍ കുര്യാക്കോസ്, ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ തുടങ്ങിയവര്‍ സമീപം. ഫോട്ടോ: സി.എച്ച്. ഷഹീര്‍
മണ്ണിനടിയില്‍ പെട്ടവര്‍ക്കുവേണ്ടി എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. പത്ത് ഹിറ്റാച്ചികള്‍ ഉപയോഗിച്ച് മണ്ണും കല്ലും നീക്കുന്നുണ്ട്. ചെളിയും മണ്ണും സമീപത്തെ പുഴയിലേക്ക് ഒഴുക്കി വിട്ടതിനുശേഷമാണ് മൃതശരീരങ്ങള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നത്. മൂന്നുദിവസം കൂടി തിരച്ചില്‍ നടത്തുമെന്നാണ് എന്‍.ഡി.ആര്‍.എഫ്. അറിയിച്ചുള്ളത്.

വ്യാഴാഴ്ച രാത്രി 10.45നാണ് കണ്ണന്‍ദേവന്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. ഉള്‍പ്രദേശം ആയതിനാല്‍ ദുരന്തം ഏറെ വൈകിയാണ് പുറംലോകം അറിഞ്ഞത്.

ആറ് വനംവകുപ്പ് ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടതെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു. രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും മന്ത്രി പറഞ്ഞു.

pettimudi-landslide-deadbodies-recovered
#pettimudi #landslide #kerala_flood #heavy_rain_kerala

pathram:
Related Post
Leave a Comment