മുഖ്യമന്ത്രിക്കൂ മുന്‍പേ ശിവശങ്കറും സ്വപ്നയും ദുബായ്ക്കു പറന്നു, കമ്മീഷന്‍ കിട്ടിയത് ഒരു കോടി രൂപ

തിരുവനന്തപുരം: ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മിഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചതിന് കിട്ടിയതാണെന്ന സ്വപ്ന സുരേഷിന്റെ നിലപാട് സര്‍ക്കാരിനും എം.ശിവശങ്കറിനും തിരിച്ചടിയായി. ലൈഫ് മിഷന്‍ പദ്ധതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയുമാണ്. സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്താന്‍ ശ്രമിച്ച സ്വപ്നയുടെ നീക്കമാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്.

2018ല്‍ പ്രളയത്തിനു േശഷം സഹായം തേടി ദുബായ് സന്ദര്‍ശനത്തിനു മുഖ്യമന്ത്രി പോകുന്നതിനു 4 ദിവസം മുന്‍പു ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തില്‍ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയി എന്നത് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ആ സന്ദര്‍ശനത്തിലാണ് യഎഇ റെഡ് ക്രെസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് ഇതു സംബന്ധിച്ച് റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫോര്‍ ഇന്റര്‍നാഷനല്‍ എയ്ഡ് അഫയേഴ്‌സും ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാറും ഒപ്പിട്ടു.

ഈ സഹായം ഉപയോഗിച്ച് തൃശൂര്‍ വടക്കാഞ്ചേരിയിലാണ് സര്‍ക്കാരിന്റെ 2 ഏക്കര്‍ ഭൂമിയില്‍ 140 ഫ്‌ലാറ്റുകള്‍ നിര്‍മിക്കുന്നത്. ഇതിനു കരാര്‍ നല്‍കിയതിനു സ്വകാര്യകമ്പനി നല്‍കിയ കമ്മിഷന്‍ ആണ് ഒരു കോടിയെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഈ തുകയാണ് ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെയും സ്വപ്നയുടെയും പേരില്‍ എടുത്ത ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയത്.

സ്വപ്നയ്‌ക്കൊപ്പം ബാങ്ക് ലോക്കര്‍ എടുക്കണമെന്നു നിര്‍ദേശിച്ചത് ശിവശങ്കര്‍ ആണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഐഎയോട് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി കൂടി പോയി സംഘടിപ്പിച്ച സഹായപദ്ധതിയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കൂടി കമ്മിഷന്‍ കിട്ടിയെന്ന് സൂചന നല്‍കുന്ന വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ വന്‍ പ്രതിരോധത്തിലാക്കി.

pathram:
Leave a Comment