ഹെൽമറ്റില്ലാതെ നടി മറീന മൈക്കിൾ; ചിത്രം പൊലീസിന് അയയ്ക്കുമെന്ന് വിമർശനം

ഹെൽമറ്റില്ലാതെ ബുള്ളറ്റ് ഓടിക്കുന്ന ചിത്രം പങ്കുവച്ച് നടിയും മോഡലുമായ മറീന മൈക്കിൾ കുരിശിങ്കൽ. ‘ശേഷം പൊലീസ് വണ്ടിയേ കേറി സർക്കാർ ചെലവിലൊരു പോക്കായിരുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത പെൺകുട്ടിയ്ക്കെതിരെ പിഴ ചുമത്തിയത് വിവാദമായ സാഹചര്യത്തിലാണ് മറീനയുടെ പോസ്റ്റ്.

പാലത്തിനു മുകളിലൂടെ റൈഡർ ജാക്കറ്റും ബാക്ക്പാക്കും ഷെയ്ഡ്സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മറീനയുടെ ബുള്ളറ്റ് ചിത്രങ്ങൾ. ഇത് സിനിമയ്ക്കോ ഫോട്ടോഷൂട്ടിനോ വേണ്ടി എടുത്ത ചിത്രമാണോ എന്നു വ്യക്തമല്ല. അതേസമയം, താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേർ മുന്നറിയിപ്പുമായി എത്തി. ചിത്രവും കുറിപ്പും കേരള പൊലീസിന് അയച്ചു കൊടുത്തിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ വീട്ടിലെത്തുമെന്നും ചിലർ ഓർമ്മപ്പെടുത്തി. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണെന്നും മറ്റു ചിലർ കമന്റ് ചെയ്തു. മാസ്ക് ധരിക്കാതെ വണ്ടി ഓടിച്ചതും ശരിയായില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.

രൂപമാറ്റം നടത്തിയ ബൈക്കിൽ കറങ്ങിയ യുവതിയെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയത് ഒരു പ്രമുഖ താരത്തിന്റെ ആരാധകരാണെന്ന ചർച്ചകൾ സജീവമായിരിക്കുമ്പോഴാണ് മറീനയുടെ പോസ്റ്റ്. താരത്തെ ആക്ഷേപിക്കുന്ന ട്രോൾ വിഡിയോ പേജിൽ നിന്ന് നീക്കം ചെയ്യാൻ വിസമ്മതിച്ചതായിരുന്നു റൈഡർ യുവതിക്ക് വിനയായത്.

pathram desk 1:
Related Post
Leave a Comment