സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനം; ശിവശങ്കറുമായി ബന്ധം: എന്‍ഐഎ

കൊച്ചി: സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം എൻഐഎ കോടതിയിൽ. സ്വപ്നയുടെ ജാമ്യ ഹർജി എതിർത്തുകൊണ്ട് പുരോഗമിക്കുന്ന വാദത്തിനിടെയാണ് എൻഐഎയ്ക്കു വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ വിജയ കുമാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ജൂൺ 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കോൺസുലേറ്റിലേയ്ക്കുള്ള ബാഗേജ് വിട്ടു നൽകുന്നതിന് ഇടപെടാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഇതിനായി ഇടപെട്ടിട്ടില്ല എന്നാണ് വ്യക്തമാകുന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ കോടതിയിൽ പറഞ്ഞു. അതുവഴി മുഖ്യമന്ത്രിയുടെ ഓഫിസിലും സ്വാധീനമുണ്ട്. സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി നൽകിയത് ശിവശങ്കറാണ്. അദ്ദേഹത്തിൽനിന്ന് സ്വപ്ന ഉപദേശങ്ങൾ സ്വീകരിച്ചിരുന്നു. ഗൂഢാലോചനയിൽ എല്ലാമെല്ലാം സ്വപ്നയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ നിർദേശിച്ചുവെന്നും എൻഐഎ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായി സ്വപ്നയ്ക്ക്ബന്ധമുള്ള കാര്യം നേരത്തെ പുറത്തു വന്നതാണെങ്കിലും കോടതിയിൽ ഒരു വാദമായി എൻഐഎ ഇക്കാര്യം ഉയർത്തുന്നത് ഗൗരവമുള്ളതാണെന്നാണ് വിലയിരുത്തൽ. ശിവശങ്കറിനോട് ബാഗേജ് വിട്ടു കിട്ടുന്നതിന് സഹായം അഭ്യർഥിച്ചിരുന്നെന്ന വെളിപ്പെടുത്തൽ വരുമ്പോൾ അതിൽ സ്വർണമുള്ള വിവരം വെളിപ്പെടുത്തിയിരുന്നോ എന്നതും നിർണായകമാകും. ഇവരുടെ സ്വർണക്കടത്ത് ഇടപാട് ഇദ്ദേഹത്തിന് അറിയുമായിരുന്നെന്ന് വ്യക്തമായാൽ ശിവശങ്കറിനെതിരെയും കുരുക്കുകൾ മുറുകുന്നതിന് ഇടയാക്കും.

സ്വർണ്ണം കടത്തിയ കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന് എൻഐഎ കോടതി കഴിഞ്ഞ ദിവസം അഭിഭാഷകനോട് ആരാഞ്ഞിരുന്നു. സ്വർണക്കടത്ത് സാമ്പത്തിക ഭീകരവാദമാണെന്ന വാദമായിരുന്നു ഇതിന് എൻഐഎ കോടതിയിൽ മറുപടി നൽകിയത്. സ്വർണക്കടത്തിന്റെ പേരിൽ തനിക്കെതിരായുള്ള ചോദ്യം ചെയ്യലുകൾ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന കോടതിയോട് അപേക്ഷിച്ചിരുന്നു. ഇത് നികുതി വെട്ടിപ്പു കേസ് മാത്രമാണെന്ന വാദമായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റേത്. എന്നാൽ കേസ് കൂടുതൽ ഗൗരവമുള്ളതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം. കേസിൽ വാദം പുരോഗമിക്കുകയാണ്.

pathram desk 1:
Related Post
Leave a Comment